ഇടക്കാല ജാമ്യം തേടി സിസോദിയ ഹൈക്കോടതിയിൽ
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇടക്കാല ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആം ആദ്മി പാർട്ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സിസോദിയ ഇടക്കാലജാമ്യം തേടിയത്.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി എന്നിവ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം തേടിയത്. കേസ് പ്രത്യേക കോടതി ജഡ്ജി കാവേരി ബജ്വ ഏപ്രിൽ 20ന് പരിഗണിക്കാനിരിക്കെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നൽകുന്നതുസംബന്ധിച്ച് ഇഡിയുടെയും സിബിഐയുടെയും അഭിപ്രായം കോടതി തേടിയിരുന്നു.
2021- 22ലെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിലാണ് സിസോദിയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് 2023 മാർച്ചിൽ ഇഡിയും സിസോദിയയെയും അറസ്റ്റ് ചെയ്തു.