ഗുസ്തി ഫെഡറേഷനെതിരേ വിനേഷ്; ഉത്തേജക കേസിൽ കുടുക്കുമോയെന്നു ഭയം
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: ഒളിന്പിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു തടയാൻ ഗുസ്തി ഫെഡറേഷൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഉത്തേജകമരുന്ന് കേസിൽ തന്നെ കുടുക്കുമോ എന്ന ഭയമുണ്ടെന്നും അവർ എക്സിൽ കുറിച്ചു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിംഗ് ഫെഡറേഷന്റെ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്റെ കളിപ്പാവയാണ്. പരിശീലകന്റെയും ഫിസിയോയുടെയും അക്രഡിറ്റേഷനായി അപേക്ഷ അയച്ചുവെങ്കിലും അവർ നിരസിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ല. ആരും സഹായിക്കാൻ തയാറല്ല.
എന്നെ ഒളിന്പിക്സിൽ പങ്കെടുക്കുന്നതിൽനിന്ന് തടയാൻ എല്ലാ വിധത്തിലും ശ്രമിക്കുന്നു. കുടിവെള്ളത്തിൽ എന്തെങ്കിലും കലക്കി എന്നെ ഉത്തേജക കേസിൽ കുടുക്കുമോ എന്നു ഭയമുണ്ട്- വിനേഷ് ഫോഗട്ട് കുറിച്ചു.
എന്നാൽ, വിനേഷ് ഫോഗട്ടിന്റെ ആരോപണങ്ങളെല്ലാം ഫെഡറേഷൻ തള്ളി. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിക്കു ശേഷമാണു വിനേഷിന്റെ ഇ-മെയിൽ ലഭിച്ചത്.
ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഗുസ്തിക്കാർക്ക് ആവശ്യത്തിനുള്ള കോച്ചുകളും ഫിസിഷന്മാരുമുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഫെഡറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേ പ്രതിഷേധത്തിനു നേതൃത്വം നൽകിയ ഗുസ്തിക്കാരിൽ ഒരാളാണ് വിനേഷ് ഫോഗട്ട്.