കൈപിടിച്ച് കോണ്‍ഗ്രസ്, ശുഭപ്രതീക്ഷയോടെ അമ്ര റാം
Sunday, April 14, 2024 1:02 AM IST
കോണ്‍ഗ്രസ് പിന്തുണച്ചതോടെ സിക്കറിൽ വിജയപ്രതീക്ഷയിൽ സിപിഎം നേതാവ് അമ്ര റാം. രാജസ്ഥാനിലെ സിക്കറിൽ ഏഴു തവണയാണ് അമ്ര റാം മത്സരിച്ചത്. ഒരിക്കൽപ്പോലും വിജയിക്കാൻ അമ്ര റാമിനായില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ ഇക്കുറി കാര്യങ്ങൾ അമ്ര റാമിന് അനുകൂലമാകേണ്ടതാണ്. ലോക്സഭാ മണ്ഡലത്തിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം കോണ്‍ഗ്രസാണു വിജയിച്ചത്; മൂന്നിടത്ത് ബിജെപിയും. ദോദ് മണ്ഡലത്തിൽ സിപിഎം രണ്ടാം സ്ഥാനത്തെത്തി. സിക്കറിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കിൽ കോൺഗ്രസ്-സിപിഎം സഖ്യത്തിന് 120,000 വോട്ടിന്റെ ലീഡുണ്ട്.
ദോദ് നിയമസഭാ മണ്ഡലത്തിൽനിന്നു മൂന്നു തവണ വിജയിച്ച അമ്ര റാം ഒരു തവണ ദന്താ രാംഗഡിൽനിന്നു നിയമസഭാംഗമായി. സിക്കർ മണ്ഡലം സിപിഎമ്മിനു നല്കിയതു കോൺഗ്രസിനകത്ത് ഏവരെയും അദ്ഭുതപ്പെടുത്തി. എന്നാൽ, വലിയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് കോൺഗ്രസ് ചെങ്കൊടിയെ ഒപ്പം കൂട്ടിയത്.
സിപിഎമ്മുമായുള്ള സഖ്യം ചുരു, ബിക്കാനീർ, ഗംഗാനഗർ ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനു ഗുണം ചെയ്യും. ചുരുവിനു കീഴിലുള്ള ഭദ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബൽവാൻ പുനിയ 101,616 വോട്ടും നോഹറിൽ സിപിഎമ്മിലെ മംഗേജ് ചൗധരി 26,824 വോട്ടും നേടിയിരുന്നു. ഇവയെല്ലാം കോണ്‍ഗ്രസിന്റെ പെട്ടിയിൽ വീണാൽ ബിജെപി സ്ഥാനാർഥി ഏറെ വിയർക്കേണ്ടിവരും.
സിക്കർ ജില്ലയിലെ കർഷക കുടുംബത്തിൽ 1955 ഓഗസ്റ്റ് അഞ്ചിനു ജനിച്ച അമ്ര റാം 1985ൽ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചു. 1993ലാണു കന്നിജയം. 2009ൽ സിക്കറിൽ 161,590 വോട്ട് നേടിയ അമ്ര റാമിന് 2019ൽ കിട്ടിയത് 31,462 വോട്ട് മാത്രം. 35 വർഷം മുന്‍പാണ് ഒരു സിപിഎമ്മുകാരൻ രാജസ്ഥാനിൽനിന്നു ലോക്സഭയിലെത്തിയത്.
ബിക്കാനീർ മണ്ഡലത്തിൽ 1989ൽ സിപിഎമ്മിലെ സോപത് സിംഗ് മക്കസാർ വിജയിച്ചിരുന്നു.