കടുത്ത പോരാട്ടം ആറു മണ്ഡലങ്ങളിൽ
Sunday, April 14, 2024 1:02 AM IST
ഷെഖാവതി മേഖലയിലെ സിക്കർ, ഝൂൻഝുനു, ചുരു, നാഗൗഡ് മണ്ഡലങ്ങളിലും വടക്കൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്. ബിജെപിയും ഇക്കാര്യം സമ്മതിക്കുന്നു.
സിപിഎം, ആർഎൽപി പാർട്ടികളുമായുള്ള സഖ്യം ഈ മേഖലയിൽ കോൺഗ്രസിനു ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. ദൗസ, ടോങ്ക്-സവായ് മധോപുർ, കരൗലി-ധോൽപുർ മണ്ഡലങ്ങളിലും കോൺഗ്രസിനു പ്രതീക്ഷ പുലർത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷെഖാവതി മേഖലയിൽ കോൺഗ്രസിനു മികച്ച വിജയം നേടാനായി. മേവാഡ് മേഖലയിലാണു പാർട്ടി ദുർബലം.
മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ജലോർ സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞടുപ്പിലെ കോൺഗ്രസിന്റെ ഭേദപ്പെട്ട പ്രകടനം ജലോറിൽ വൈഭവിനു തുണയായേക്കാം. ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പുർ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കൈയടക്കി. അഞ്ചു തവണ അശോക് ഗെഹ്ലോട്ട് വിജയിച്ച ജോധ്പുരിൽ ഷെഖാവത് ഹാട്രിക് വിജയത്തിനു തയാറെടുക്കുന്നു.
കേന്ദ്രമന്ത്രിമാരായ അർജുൻ മേഘ്വാൾ (ബിക്കാനീർ), ഭൂപേന്ദർ യാദവ് (ആൽവാർ) എന്നിവരാണു ബിജെപിയുടെ മറ്റു പ്രമുഖ സ്ഥാനാർഥികൾ. ഭിൽവാഡയിലെ സി.പി. ജോഷിയാണു കോൺഗ്രസ് സ്ഥാനാർഥികളിൽ സീനിയർ. മിക്ക മണ്ഡലങ്ങളിലും പുതുമുഖങ്ങളെയും സിറ്റിംഗ് എംഎൽഎമാരെയുമാണു കോൺഗ്രസ് പരീക്ഷിക്കുന്നത്.
അധികാരം നഷ്ടമായതോടെ അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് ഭിന്നത അത്ര രൂക്ഷമല്ല. തങ്ങളുടെ അനുയായികൾക്ക് ഇരുവരും സീറ്റ് തരപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനം കിട്ടാത്തതിൽ വസുന്ധര രാജെ സിന്ധ്യക്കുള്ള അതൃപ്തി മാറിയിട്ടില്ല. ഝലാവാർ-ബാരൻ മണ്ഡലത്തിൽ വസുന്ധരയുടെ മകൻ ദുഷ്യന്ത് അഞ്ചാം ജയം തേടുന്നു.
മോദിതരംഗത്തിലൂടെ വൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. എന്നാൽ, മോദിതരംഗം ഇക്കുറിയില്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനു വലിയ കോട്ടമുണ്ടായില്ല. കരൺപുർ ഉപതെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് ഊർജം പകരുന്നുമുണ്ട്. സ്ഥാനാർഥിയെ മന്ത്രിയാക്കിയ ബിജെപി തന്ത്രം കരൺപുരിലെ വോട്ടർമാർ തള്ളുകയായിരുന്നു.
കിരോഡിലാൽ മീണയെ മുഖ്യമന്ത്രിയാക്കാത്തതിൽ മീണ വിഭാഗത്തിനു ബിജെപിയോട് അതൃപ്തിയുണ്ട്. മന്ത്രിസഭയിൽ മെച്ചപ്പെട്ട പ്രാതിനിധ്യമില്ലാത്തതിനാൽ ഗുജ്ജാറുകളും നീരസത്തിലാണ്.