സൂപ്പർ താരം ധനുഷിന്റെ ‘അച്ഛൻ’ മരിച്ചു
Sunday, April 14, 2024 2:10 AM IST
മധുര: തമിഴ് സൂപ്പർ താരം ധനുഷ് തന്റെ മകനാണെന്നും ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് ഏഴുവർഷം മുന്പ് മേലൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചയാൾ മരണമടഞ്ഞു.
മധുര മേലംപട്ടി സ്വദേശി ആർ. കതിരേശനാണ് (72) രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിരിക്കെ ഇന്നലെ മരിച്ചത്. തന്റെ മൂന്നാമത്തെ മകനായ കെ. കലൈചെൽവനാണ് ധനുഷ് എന്നും 2002ൽ സ്കൂൾ വിദ്യാർഥിയായിരിക്കെ സിനിമാ മോഹവുമായ ചെന്നൈയിലേക്കു പോയതാണെന്നും കതിരേശൻ വാദിച്ചു.
ജനിതക പരിശോധന നടത്തി തന്റെ പിതൃത്വം തെളിയിക്കണമെന്നും 65,000 രൂപ വീതം മാസം ജീവനാംശം നല്കാൻ ധനുഷിനോട് ഉത്തരവിടണമെന്നുമായിരുന്നു കതിരേശൻ ആവശ്യപ്പെട്ടത്.
ഇതിനെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കുന്നതായി 2017 ഏപ്രിൽ 21ന് മധുര ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.