പാൽ ലഭിക്കുന്നതിനു മുന്പേ ഇന്ത്യാ സഖ്യത്തിൽ വെണ്ണയെച്ചൊല്ലി തർക്കം: മോദി
Friday, May 24, 2024 5:58 AM IST
മഹേന്ദ്രഗഡ് (ഹരിയാന): പശുവിൽനിന്നും പാൽ ലഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യ സഖ്യത്തിൽ വെണ്ണയെച്ചൊല്ലി തർക്കം ആരംഭിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. അടുത്ത അഞ്ച് വർഷത്തേക്ക് അഞ്ച് പ്രധാനമന്ത്രിമാരെക്കുറിച്ചാണ് ഇന്ത്യ സഖ്യം സംസാരിക്കുന്നതെന്നും മോദി പറഞ്ഞു.
ഹരിയാനയിലെ മഹേന്ദ്രഗഡിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ജീവിച്ചിരിക്കുന്ന കാലത്തോളം പട്ടികജാതി പട്ടികവർഗ സംവരണം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക മാത്രമല്ല രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക കൂടിയാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യം അങ്ങേയറ്റം വർഗീയവും ജാതീയവും സ്വജനപക്ഷപാതപരവുമാണെന്നും മോദി ആരോപിച്ചു.