ഗർഭിണിയുടെ വയർ കീറിയ ഭർത്താവിനു ജീവപര്യന്തം
Saturday, May 25, 2024 2:14 AM IST
ബദായൂൻ: ഗർഭസ്ഥശിശുവിന്റെ ലിംഗഭേദം അറിയാൻ ഗർഭിണിയുടെ വയർ കീറിയ ഭർത്താവിനു ജീവപര്യന്തം തടവ്. യുപിയിലെ ബദായൂൻ ജില്ലയിൽ 2020ലാണു സംഭവം. പന്നലാലിനെയാണ് കോടതി ശക്ഷിച്ചത്.
എട്ടു മാസം ഗർഭിണിയായിരുന്ന അനിത (38)യുടെ വയർ പന്നലാൽ അരിവാൾകൊണ്ട് കീറുകയായിരുന്നു. കുട്ടി ആണോ പെണ്ണോ എന്നറിയാനാണ് ഈ നിഷ്ഠുര കൃത്യം ഇയാൾ നടത്തിയത്. അഞ്ചു പെൺമക്കളുള്ള പന്നലാൽ ആറാമത്തേത് ആൺകുട്ടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. ആക്രമണത്തിൽ അനിത രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശു മരിച്ചു.
പന്നലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആൺകുട്ടിയായിരുന്നുവെന്ന് പിന്നീട് ഡോക്ടർമാർ അറിയിച്ചു. പന്നലാൽ 50,000 രൂപ പിഴയുമൊടുക്കണമെന്ന് അതിവേഗ കോടതി വിധിച്ചു.