ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി മൂന്നു ദിവസത്തിനകം: ജയ്റാം രമേശ്
Saturday, May 25, 2024 2:14 AM IST
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിയെന്ന ബിജെപി പ്രചാരണത്തിനു മറുപടിയുമായി കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും ഒറ്റ പ്രധാനമന്ത്രിയാകും അഞ്ചു വർഷവും ഭരിക്കുകയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ജൂൺ നാലിനു തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“20 വർഷത്തിനുശേഷം ചരിത്രം ആവർത്തിക്കാൻപോകുകയാണ്. 2004ൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം ലഭിച്ചതോടെ മൂന്നു ദിവസത്തിനുള്ളിൽ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. എന്നാൽ, ഇപ്പോൾ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ മൂന്നു ദിവസംപോലും വേണ്ടിവരില്ല.
അഞ്ചു വർഷവും ഒരാൾ തന്നെയാകും പ്രധാനമന്ത്രിയായി സർക്കാരിനെ നയിക്കുക. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾ ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും” -ജയറാം രമേശ് പറഞ്ഞു.