സുപ്രധാന വകുപ്പുകൾ ബിജെപിക്ക്
Tuesday, June 11, 2024 2:18 AM IST
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ വകുപ്പുവിഭജനത്തിൽ പിടിമുറുക്കി ബിജെപി. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി സ്വന്തമാക്കി. അപ്രധാന വകുപ്പുകൾ നല്കിയെന്ന ആക്ഷേപമാണു ഭൂരിഭാഗം ഘടകകക്ഷികൾക്കുമുള്ളത്.
രണ്ടാം മോദി മന്ത്രിസഭയിലേതുപോലെ ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്നാഥ് സിംഗും ധനം നിർമല സീതാരാമനും കൈകാര്യം ചെയ്യും. വിദേശകാര്യമന്ത്രിയായി എസ്. ജയശങ്കർ തുടരും. ആദ്യമായി കേന്ദ്രമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനാണ് കൃഷി മന്ത്രി. റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് തുടരും.
ഘടകകക്ഷികളിൽ എച്ച്.ഡി. കുമാരസ്വാമിക്കു ഭേദപ്പെട്ട വകുപ്പു കിട്ടി-ഘനവ്യവസായം, സ്റ്റീൽ. ജെഡി-യുവിലെ ലലൻ സിംഗിനു പഞ്ചായത്തിരാജ് ലഭിച്ചു. ടിഡിപിയിലെ രാംമോഹൻ നായിഡുവിനാണ് സിവിൽ ഏവിയേഷൻ വകുപ്പ്. 2014ലും ടിഡിപിക്കു ലഭിച്ച വകുപ്പാണിത്. രണ്ടാം മോദി സർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ ടെലികോം, വടക്കുകിഴക്കൻ മേഖല വികസനം എന്നീ വകുപ്പുകളിലേക്ക് ഒതുക്കപ്പെട്ടു.
ഭൂപേന്ദർ യാദവ് കഴിഞ്ഞ സർക്കാരിലേതുപോലെ വനം, പരിസ്ഥിതി വകുപ്പുകൾ കൈകാര്യം ചെയ്യും. നാലു വർഷത്തിനുശേഷം ആരോഗ്യവകുപ്പിലേക്ക് ജെ.പി. നഡ്ഡ തിരികെയെത്തി. മുൻ സർക്കാരിൽ മൻസുഖ് മണ്ഡവ്യ കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്.
സുരേഷ് ഗോപിക്ക് പെട്രോളിയം-പ്രകൃതിവാതകം, ടൂറിസം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണം വകുപ്പുകളുമാണു കിട്ടിയത്.
അനുരാഗ് ഠാക്കൂർ കൈകാര്യം ചെയ്തിരുന്ന വാർത്താവിതരണം, യുവജനക്ഷേമം, സ്പോർട്സ് വകുപ്പുകൾ അശ്വിനി വൈഷ്ണവിനും മൻസുഖ് മാണ്ഡവ്യക്കും വീതിച്ചുനല്കി. സ്മൃതി ഇറാനിയുടെ വകുപ്പുകളായ വനിത-ശിശുക്ഷേമം ഇത്തവണ അന്നപൂർണാ ദേവിക്കാണ്.
തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് ബിജെപിയിലെത്തുകയും ലുധിയാനയിൽ പരാജയപ്പെടുകയും ചെയ്ത രവ്നീത് സിംഗ് ബിട്ടുവിനെ ഭക്ഷ്യസംസ്കരണം, റെയിൽവേ വകുപ്പുകളുടെ സഹമന്ത്രിയാക്കിയതു ശ്രദ്ധേയമായി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിൻ പ്രസാദയ്ക്കു സഹമന്ത്രിസ്ഥാനമാണ് കിട്ടിയത്. മൻമോഹൻ സിംഗ് മന്ത്രിസഭയിലും ജിതിൻ അംഗമായിരുന്നു.
ദേശീയ സുരക്ഷാ കൗൺസിലിൽ ബിജെപി അംഗങ്ങൾ മാത്രം
ദേശീയ സുരക്ഷാ കൗൺസിലിൽ ഇത്തവണയും ബിജെപി അംഗങ്ങൾ മാത്രം. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനം എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ദേശീയ സുരക്ഷാ കൗൺസിലിൽ അംഗങ്ങളാകുക.