വിവാദ ഐഎഎസ് ഓഫീസറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ പുറത്ത്
Tuesday, July 16, 2024 1:52 AM IST
മുംബൈ: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസർ പൂജ ഖഡ്കർക്കു ശാരീരികമോ മാനസീകമോ ആയ ന്യൂനതകളില്ലെന്ന് വെളിപ്പെടുത്തൽ.
സ്വകാര്യമെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതിനെത്തുടർന്ന് 2007 ൽ പൂജ സമർപ്പിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു യാതൊരു സൂചനയുമില്ലായിരുന്നുവെന്ന് മെഡിക്കൽ കോളജ് ഡയറക്ടർ സ്ഥിരീകരിച്ചു.
ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൂനെയിലെ കെഎൻ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.അരവിന്ദ് ബോറെ പറഞ്ഞു.
ഐഎഎസ് നേടാനായി സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിനും പൂജയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതിനിടെ പ്രബോഷനറി ഐഎഎസ് ഓഫീസറായ പൂജയുടെ കാർ പോലീസ് പിടിച്ചെടുത്തു. കാറിൽ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച നടപടി നേരത്തെ വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെയാണു വാഹനം പിടിച്ചെടുത്തത്.