കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും ഖാർഗെയും
Wednesday, July 17, 2024 1:18 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും.
ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഫലം അനുഭവിക്കുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുൽ വിമർശിച്ചു.
സൈനികരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.
നിരന്തരം ഉണ്ടാകുന്ന സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സൈനികരുടെ വീരമൃത്യു വേദനയുണ്ടാക്കുന്നതാണെന്നും സുരക്ഷാനടപടികളിൽ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യപ്പെടുമെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. രാജ്യത്തു ഭീകരവാദം ഇല്ലാതാക്കാൻ മോദിസർക്കാർ ഒന്നും ചെയ്യുന്നില്ല. ദേശസുരക്ഷ അപകടത്തിലാണ്. ഇതു തുടരാൻ അനുവദിക്കില്ല. കോണ്ഗ്രസ് എന്നും സൈനികർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.