സാന്പത്തിക അസമത്വം കുത്തനേ ഉയർന്നു; റിപ്പോർട്ട് പങ്കുവച്ച് ജയ്റാം രമേശ്
Thursday, July 18, 2024 1:57 AM IST
ന്യൂഡൽഹി: രാജ്യത്ത് സാന്പത്തിക അസമത്വം കുത്തനേ ഉയരുന്നതായി കോണ്ഗ്രസ്. ഇതു സംബന്ധിച്ച പുതിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പങ്കുവച്ചാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്.
മോദിസർക്കാരിന്റെ അപക്വമായ നയങ്ങൾ രാജ്യത്തെ സാന്പത്തിക അസമത്വം സൃഷ്ടിക്കുന്നതിലേക്കു തള്ളിവിട്ടതായി ജയ്റാം രമേശ് ആരോപിച്ചു. പുറത്തുവരുന്ന വിവരങ്ങളുടെ അടിസഥാനത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള ഉപഭോഗ അനുപാതത്തിൽ വലിയ അന്തരവുമുണ്ടായിരിക്കുന്നു. ദരിദ്രരുടെ ആകെ ഉപഭോഗത്തിന്റെ പത്തുമടങ്ങാണ് ധനികരുടേതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
രാജ്യത്ത് 2012 മുതൽ 2021 വരെ ഉണ്ടായ സന്പത്തിന്റെ 40 ശതമാനവും ജനസംഖ്യയിൽ ഒരുശതമാനം വരുന്ന അതിധനികരുടെ കൈയിലാണ്. എന്നാൽ ചരക്കുസേവന നികുതിയിൽ 64 ശതമാനവും നൽകുന്നത് ഇടത്തരം, ദരിദ്ര പശ്ചാത്തലങ്ങളിലുള്ളവരാണ്.
കഴിഞ്ഞ പത്തു വർഷമായി ഒന്നോ രണ്ടോ കന്പനികൾക്കായാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വിറ്റത്. രാജ്യത്തു കുത്തകകൾ വളരുന്നത് പണപ്പെരുപ്പം വർധിക്കുന്നതിനു കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്നു രാജ്യത്ത് 70 കോടി ജനങ്ങളുടെ ആകെ സന്പാദ്യത്തേ ക്കാൾ സ്വത്ത് 21 അതിസന്പന്നരുടെ കൈവശമുണ്ട്. ഇത് അപകടകരമായ സാഹചര്യമാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.