യുപിയിലെ പത്ത് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് വാശിയേറി
Thursday, July 18, 2024 3:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ ഉത്തർപ്രദേശിൽ ഉടനെ നടക്കാനുള്ള പത്ത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി 30 മന്ത്രിമാരെ നേരിട്ടിറക്കാൻ ബിജെപി.
ഒരിക്കൽക്കൂടി ബിജെപിയെ പാഠം പഠിപ്പിക്കാൻ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സമാജ്വാദി പാർട്ടിയും കോണ്‍ഗ്രസും വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയവിധി തീരുമാനിക്കപ്പെടുന്ന 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ ബിജെപിയും ഇന്ത്യ സഖ്യവും പതിനെട്ടടവും പയറ്റും.
യുപി നിയമസഭയിൽ ഒഴിവുള്ള പത്തു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ ബിജെപിയും ഇന്ത്യ സഖ്യവും ശക്തമായ പോരിന് മുന്നൊരുക്കം തുടങ്ങി.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ ഒന്‍പതു നിയമസഭാ സാമാജികർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുപിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവർക്കുപുറമെ, ക്രിമിനൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച കാണ്‍പുരിലെ സിസാമാവുവിൽനിന്നുള്ള എസ്പി എംഎൽഎ ഇർഫാൻ സോളങ്കി അയോഗ്യനാക്കപ്പെട്ടു.
2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുപിയിൽ വൻവിജയം നേടിയ ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ഇന്നലെ ലക്നോയിൽ നടന്ന ഉന്നതതല നേതൃയോഗം രൂപം നൽകി.
ഈ യോഗത്തിലാണ് പത്തു മണ്ഡലങ്ങൾക്കായി 30 മന്ത്രിമാരെ ചുമതലപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, പബ്ലിക് റിലേഷൻസ് തുടങ്ങിയവയ്ക്കായി പ്രത്യേക സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. അമിത ആത്മവിശ്വാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായതെന്നും അത് ആവർത്തിക്കരുതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
അതേമസയം, ബിജെപി സർക്കാരുകൾക്കെതിരേയുള്ള ജനവികാരം മുതലെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ തുടരാൻ അഖിലേഷ് യാദവ് എസ്പി നേതാക്കളോട് ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിൽ എസ്പിക്ക് പൂർണ പിന്തുണ നൽകാനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. അഖിലേഷിനോടൊപ്പം അമേഠിയിൽനിന്നുള്ള ലോക്സഭാംഗമായ രാഹുലിനും യുപിയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് എസ്പിയുടെ വിലയിരുത്തൽ.
പലരെയും അന്പരിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെടുത്തുമെന്ന് എസ്പി, കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.