യുപിയിൽ പുനഃസംഘടനയ്ക്കൊരുങ്ങി ബിജെപി കേന്ദ്ര നേതൃത്വം
Thursday, July 18, 2024 3:36 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ പാർട്ടി ഘടകത്തിൽ രൂപപ്പെട്ട ഉൾപ്പോര് ബിജെപി കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലാണ് ഭിന്നത ശക്തമായത്.
ആദിത്യനാഥ് വിളിച്ച മന്ത്രിമാരുടെയും ഉന്നതനേതാക്കളുടെയും യോഗത്തിനു മുന്പായി കേശവ് മൗര്യ ഡൽഹിയിലെത്തി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതും പിന്നീട് ഇറക്കിയ ട്വീറ്റും ഭിന്നത വ്യക്തമാക്കുന്നു. “സംഘടനയേക്കാൾ വലുതല്ല ആരും. സർക്കാരിനേക്കാൾ വലുതാണ് സംഘടന’’ എന്നായിരുന്നു കേശവ് മൗര്യ എക്സിൽ കുറിച്ചത്.
മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ മോശം പ്രകടനത്തിനു വഴിതെളിച്ചതെന്ന് കേശവ് മൗര്യ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരടക്കം മറ്റു പല നേതാക്കളും ഇതേ അഭിപ്രായക്കാരാണത്രെ.
എന്നാൽ, മന്ത്രിമാരുടെയും നേതാക്കളുടെയും അമിത ആത്മവിശ്വാസമാണ് ഏതാനും സീറ്റുകളിൽ വലിയ തോൽവിക്കു കാരണമായതെന്നാണ് ഇന്നലെ ലക്നോയിൽ നടന്ന നേതൃയോഗത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞത്.
ഭിന്നത മൂർച്ഛിക്കുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിൽ പുനഃസംഘടനയെക്കുറിച്ച് കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ട്. പ്രധാനമായും ജാട്ട് നേതാവായ ഭൂപേന്ദർ ചൗധരിയെ നീക്കി പാർട്ടി സംസ്ഥാന അധ്യക്ഷനായി ഒബിസി നേതാവിനെ നിയോഗിക്കാനാണു തീരുമാനം.
അതിനിടെ, ഇന്നലെ ഡൽഹിയിലെത്തിയ ഭൂപേന്ദർ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്ഷീണമുണ്ടായാൽ ആദിത്യനാഥിനെതിരേയുള്ള നീക്കം കേശവ് മൗര്യയും കൂട്ടരും ശക്തമാക്കുമെന്നാണ് സൂചന. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഭാവിയിൽ വെല്ലുവിളി ഉയർത്താനിടയുള്ള ആദിത്യനാഥിനെ ഒതുക്കണമെന്ന മോഹം കേന്ദ്രനേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ടെന്നും റിപ്പോർട്ടുണ്ട്.