2022ലെ വിജ്ഞാപനത്തിലും ഇതേ പ്രദേശം വ്യക്തമാക്കിയിരുന്നു. ആദ്യം 13,108 ചതുരശ്ര കിലോമീറ്റർ ആയിരുന്ന കസ്തുരിരംഗൻ, ഗാഡ്ഗില്‍ സമിതികളുടെ ശിപാർശ. 59,940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പശ്ചിമഘട്ടത്തിന്റെ 37 ശതമാനവും പരിസ്ഥിതി ലോലമാണെന്ന് ആയിരുന്നു കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ.
പശ്ചിമഘട്ടത്തിലെ സംസ്ഥാന സർക്കാരുകൾക്കു മുൻ കരടിനോടു പലവിധ എതിർപ്പുകൾ ഉണ്ടായിരുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. 2018 ഏപ്രിൽ 11ന് സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ യോഗം ചേരുകയും 2017 ഫെബ്രുവരി 27ലെ കരടു വിജ്ഞാപനം കൂടുതൽ ചർച്ചകൾക്ക് അടിസ്ഥാനമാകുമെന്ന് തീരുമാനിക്കുകയും ചെയ്തു.
അതനുസരിച്ചാണ് 2018 ഒക്് ടോബർ മൂന്നിലെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന വിശദീകരണവുമുണ്ട്. 2019 ഫെബ്രുവരി 15നും 2020 മേയ് 21നും നവംബർ 23നും ഡിസംബർ മൂന്ന് നാല് തീയതികളിലും സംസ്ഥാന സർക്കാർ പ്രതിനിധികളുമായി കേന്ദ്രം വിശദ ചർച്ചകൾ നടത്തി. ആറു സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ സമഗ്രമായ രീതിയിൽ പുനഃപരിശോധിക്കാൻ 2022 ഏപ്രിൽ 18ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചു.
വിഷയത്തിന്റെ സങ്കീർണത കണക്കിലെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തേ നൽകിയ സമയം അപര്യാപ്തമാണെന്നു സമിതി വിലയിരുത്തി. അഞ്ചാം കരട് വിജ്ഞാപനത്തെക്കുറിച്ച് 2022 ജൂലൈ 11, ഓഗസ്റ്റ് 30, 2023 ജനുവരി 19, മേയ് 17-19, ഓഗസ്റ്റ് 16-20, ഒക്്ടോബർ 14-17, 2024 മാർച്ച് 26-28 തീയതികളിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടത്തിയെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനു ശേഷമാണു പുതിയ കരട് പുറത്തിറക്കിയതെന്നാണ് വിശദീകരണം.