മണിപ്പുർ ജനതയെ സംരക്ഷിക്കുന്നതിൽ മോദി പരാജയപ്പെട്ടു: ഖാർഗെ
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദയനീയമായി പരാജയപ്പെട്ടുവെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
16 മാസമായി തുടരുന്ന മണിപ്പുരിലെ സംഘർഷം ലഘൂകരിക്കാൻ മോദിയുടെ “ഇരട്ട എൻജിൻ’’ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലാപത്തിലെ ഇരകളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ പോലും തയാറാകാത്തതിനെയും കോണ്ഗ്രസ് അധ്യക്ഷൻ വിമർശിച്ചു.
“മണിപ്പുരിൽ സമാധാനവും സാധാരണ നിലയും ഉറപ്പാക്കാനും എല്ലാ സമുദായങ്ങളിലെയും ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം പകരാനും കഴിയുന്ന ഒരു നടപടിയും മോദിസർക്കാർ ഇതേവരെ സ്വീകരിച്ചിട്ടില്ല. മോദിജീ, ഇത്ര പശ്ചാത്താപമില്ലാതെ നിങ്ങൾ എന്തിനാണു പെരുമാറിയത്?എന്തുകൊണ്ടാണു നിങ്ങൾ ആ സംസ്ഥാനത്തു പോകാൻ തയാറാകാത്തത്? എല്ലാ സമുദായങ്ങളിലെയും ആളുകൾ കഷ്ടപ്പെടുന്നത് നിങ്ങളുടെ ഈഗോ കാരണമാണ്. നിങ്ങളുടെ സർക്കാരിന്റെ നാണമില്ലായ്മയും കഴിവില്ലായ്മയും മൂലം അടിസ്ഥാന സമാധാന പ്രക്രിയപോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല!’’ -സമൂഹമാധ്യമമായ എക്സിൽ ഖാർഗെ എഴുതി.