ദീപികയുടെയും കേരളത്തിന്റെയും ചങ്ങാതി
Friday, September 13, 2024 2:27 AM IST
ന്യൂഡൽഹി: കമ്യൂണിസ്റ്റ് നേതാവായിരിക്കുന്പോഴും കേരളത്തിലെ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളോടും ദീപിക ദിനപത്രത്തോടും പ്രത്യേക മമതയും ആദരവും പുലർത്തിയിരുന്ന നേതാവാണു സീതാറാം യെച്ചൂരി.
വ്യക്തികളുടെ വിശ്വാസവും അതിനുള്ള അവകാശവും പൂർണമായി സംരക്ഷിക്കാൻ സിപിഎമ്മും എൽഡിഎഫും പ്രതിജ്ഞാബദ്ധമാണെന്ന് 2021 മാർച്ച് 21ന് ദീപികയ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞിരുന്നു.
കേരളത്തിൽ പുതുചരിത്രം കുറിച്ച് എൽഡിഎഫ് തുടർഭരണം ഉറപ്പായും നേടുമെന്ന യെച്ചൂരിയുടെ അന്നത്തെ പ്രവചനം പലരെയും അത്ഭുതപ്പെടുത്തി ശരിയാകുകയും ചെയ്തതു ചരിത്രം. വർഗീയശക്തികളെ പ്രതിരോധിക്കുന്നതിൽ സിപിഎം വിട്ടുവീഴ്ച ചെയ്യില്ലെന്നും ന്യൂനപക്ഷങ്ങൾക്കും മതേതരശക്തികൾക്കും സംരക്ഷണം നൽകുമെന്നും ദീപികയോട് വാഗ്ദാനം ചെയ്യാനും അദ്ദേഹം മറന്നിരുന്നില്ല. കേരളത്തോടും മലയാളികളോടും കടപ്പാടും സ്നേഹവും എക്കാലവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2012 മേയ് 15ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ദീപികയുടെ 125-ാം വാർഷിക സമ്മേളനത്തിൽ മുഴുസമയവും യെച്ചൂരി സജീവമായി പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായിരുന്ന എ.കെ. ആന്റണി, വയലാർ രവി, അംബികാ സോണി, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാർ, എംപിമാർ അടക്കമുള്ള വിവിധ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവരുമായും ദീപികയുടെ സാരഥികളുമായും ഏറെനേരം സംസാരിക്കാൻ യെച്ചൂരി കാണിച്ച താത്പര്യം ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന ദീപികയുടെ 137-ാം വാർഷികത്തിലും മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടൊപ്പം വേദിയിൽ നിറസാന്നിധ്യമായി യെച്ചൂരിയും പങ്കെടുത്തു.
നൂറ്റാണ്ടിലേറെയായി കേരളത്തിനും ഇന്ത്യയിലെ പൊതുസമൂഹത്തിനും ദീപിക നൽകിവരുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കാൻ അദ്ദേഹം പിശുക്കു കാട്ടിയില്ല. ദീപികയുടെ പ്രസക്തി കൂടി വരുകയാണെന്നും രാഷ്ട്രീയ, മത, ജാതി വേർതിരിവുകളില്ലാതെ ദീപിക നടത്തുന്ന വിമർശനങ്ങളും ദീപികയിലെ ക്രിയാത്മകലേഖനങ്ങളും രാജ്യത്തെ മറ്റു മാധ്യമങ്ങൾക്കാകെ മാതൃകയാണെന്നു അദ്ദേഹം തുറന്നുപറഞ്ഞു. ആവശ്യപ്പെട്ടപ്പോഴൊക്കെ ദീപികയ്ക്കു പ്രത്യേക അഭിമുഖങ്ങൾ നൽകാനും യെച്ചൂരി മടിച്ചില്ല.