ഇടക്കാല തെരഞ്ഞെടുപ്പുകൾ 2029നു ശേഷവും ഒഴിവാകില്ല "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ യാഥാർഥ്യമായാലും ഇടക്കാല തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനാകില്ല. ലോക്സഭയിലോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ സർക്കാരിനു ഭൂരിപക്ഷം നഷ്ടമാകുകയും സഭ പിരിച്ചുവിടുകയും ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തണമെന്നാണു രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശിപാർശ. ഫലത്തിൽ ഒരൊറ്റ തെരഞ്ഞെടുപ്പെന്ന വാഗ്ദാനം അപ്പാടെ നടപ്പിലാകില്ല.
പല സംസ്ഥാനങ്ങളിലും ഒരു ഘട്ടമായിപോലും തെരഞ്ഞെടുപ്പുകൾ നടത്താൻ കഴിയാത്ത കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു രാജ്യത്താകെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുകയെന്നതും വലിയ വെല്ലുവിളിയാണ്. മണിപ്പുരിൽ ഒരു ലോക്സഭാ മണ്ഡലത്തിൽ രണ്ടു ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പു നടന്നത്.
അഞ്ചു വർഷ കാലാവധി തികയ്ക്കാതെ ഇടക്കാല തെരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ ശേഷിക്കുന്ന കാലയളവിലേക്കു മാത്രമാകും അതാതു സഭകളുടെ നിലനിൽപ്.
രാജ്യസഭാംഗങ്ങളുടെ ആറു വർഷ കാലാവധിക്കു മുന്പ് ഏതെങ്കിലും അംഗം രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്താൽ ഇതേപോലെ ശേഷിക്കുന്ന കാലയളവിലേക്കാണു തെരഞ്ഞെടുപ്പു നടത്തുക.
കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ സർക്കാരുകൾ പിരിച്ചുവിടേണ്ടിവരും ന്യൂഡൽഹി: ഇന്ത്യയിലാകെ ഒരുമിച്ചു തെരഞ്ഞെടുപ്പുകൾ നടത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം പ്രാവർത്തികമായാൽ കേരളം അടക്കം 17 സംസ്ഥാന നിയമസഭകൾ മൂന്നു വർഷത്തിൽ താഴെ കാലാവധിയിലും കർണാടക അടക്കം 10 സഭകൾ ഒരു വർഷത്തിൽ താഴെ കാലാവധിയിലും പിരിച്ചുവിടേണ്ടിവരും.
2029ൽ ഏകീകൃത തെരഞ്ഞെടുപ്പു നടത്തണമെങ്കിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാലാവധിക്കു മുന്പേ നിയമസഭകൾ പിരിച്ചുവിടേണ്ടി വരും. പരിവർത്തന സമയത്തു മിക്ക സംസ്ഥാന സർക്കാരുകളുടെയും കാലാവധി വെട്ടിച്ചുരുക്കപ്പെടും.
കർണാടക, തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഒരു വർഷമോ അതിൽ താഴെയോ കാലത്തേക്കു മാത്രമേ അധികാരത്തിലിരിക്കാൻ കഴിയൂ.
കഴിഞ്ഞ വർഷം പുതിയ സർക്കാരുകൾ രൂപവത്കരിച്ച ഈ 10 സംസ്ഥാനങ്ങളിലെ നിയമസഭളുടെ കാലാവധി 2028ൽ അവസാനിക്കുന്പോൾ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകളും സർക്കാരും ഒരു വർഷത്തിനകം പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുകയും ചെയ്യും.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളും നിയമസഭകളും മൂന്നു വർഷത്തിനു ശേഷം പിരിച്ചുവിടുന്ന സ്ഥിതിയുണ്ടാകും.
2026ൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുണ്ടായാലും മൂന്നു വർഷം നീണ്ടുനിൽക്കുന്ന സർക്കാരുകൾ ഉണ്ടായിരിക്കും.
2027ൽ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ടു വർഷമോ അതിൽ കുറവോ ആയിരിക്കും സർക്കാരുകൾക്കു ലഭിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം പൂർത്തിയായതോ ഈ വർഷാവസാനവും അടുത്ത വർഷത്തിന്റെ തുടക്കത്തിലും തെരഞ്ഞെടുപ്പു നടക്കാനുള്ളതോ ആയ മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, ഹരിയാന, ജമ്മു കാഷ്മീർ, ഒഡീഷ, ബിഹാർ, ഡൽഹി, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും നിയമസഭകൾക്കും മാത്രമാണ് ഏകദേശം അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയുക.