ഇന്ത്യക്കാരെ പ്രമേഹരോഗികളാക്കുന്നത് എജിഇ ഭക്ഷണക്രമം
Thursday, October 10, 2024 2:38 AM IST
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന പ്രമേഹ രോഗത്തിനു പിന്നിൽ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്സ് (എജിഇ) ഭക്ഷണങ്ങളുടെ ഉപയോഗമാണെന്ന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).
രാജ്യത്ത് ഏകദേശം 101 ദശലക്ഷം പേർക്ക് പ്രമേഹ രോഗമുണ്ടെന്നും 136 ദശലക്ഷം ആളുകൾ പ്രമേഹത്തിനു മുന്പുള്ള ഘട്ടങ്ങളിലാണെന്നും മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും ഐസിഎംആറും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തി.
മുതിർന്നവരും കുട്ടികളും എജിഇ ഭക്ഷണക്രമത്തിന്റെ പിടിയിലാണ്. 12 ആഴ്ച നീണ്ട പഠനമായിരുന്നു ഇതുമായി ബന്ധപ്പെട്ടു നടത്തിയത്.
പഠനവിധേയമാക്കിയവരെ കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവർ, ഉയർന്ന എജിഇ ഡയറ്റ് പിന്തുടരുന്നവർ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചു. ഇതിൽ ഉയർന്ന എജിഇ ഡയറ്റ് പിന്തുടരുന്നവരെ സംബന്ധിച്ച് കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവരിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുന്നതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും കണ്ടെത്തി.
എജിഇ ഡയറ്റ്
അൾട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണ ശൈലിയാണ് എജിഇ ഡയറ്റ്. ഇതിൽ പ്രോട്ടീൻ അല്ലെങ്കിൽ ലിപിഡുകൾ ഒരുതരം കാർബോഹൈഡ്രേറ്റ് ആൽഡോസ് ഷുഗറുകളായി പരിഷ്കരിക്കപ്പെടുന്നു. ഇത് ശരീരത്തിൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം, കോശങ്ങളിൽ തകരാർ, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. റെഡ് മീറ്റ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, പറാത്ത, സമൂസ, മധുരപലഹാരങ്ങൾ എന്നിവയാണ് ഉയർന്ന എജിഇ അടങ്ങിയ ഭക്ഷണങ്ങൾ. കൂടാതെ ഫ്രൈ, റോസ്റ്റ്, ഗ്രിൽ തുടങ്ങിയ രീതിയിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളും എജിഇ അളവ് വർധിപ്പിക്കാൻ കാരണമാകും. വേവിച്ച ഭക്ഷണത്തിന് ഇതു ബാധകമല്ല.