20 സീറ്റുകളിൽ ക്രമക്കേട് നടന്നെന്ന് ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
Thursday, October 10, 2024 2:38 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ബിജെപി വിജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ പരിശോധിക്കുന്പോൾ 99 ശതമാനം ചാർജുണ്ടായിരുന്നു. ഒരു ദിവസം മുഴുവനും ഉപയോഗിച്ച വോട്ടിംഗ് യന്ത്രത്തിൽ ഇത് എങ്ങനെ സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.
അതേസമയം, കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രത്തിലെ ചാർജ് 60-70 ശതമാനം മാത്രമായിരുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പോൾ ചെയ്ത വോട്ടുകൾ വിവിപാറ്റുമായി താരതമ്യം ചെയ്യണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
20 സീറ്റുകളിലാണ് തിരിമറി നടന്നത്. ഇതിൽ ഏഴിടത്തു തിരിമറി നടന്നതിന്റെ രേഖകളടക്കം തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ബാക്കി 13 സീറ്റുകളുടെ കാര്യത്തിൽ 48 മണിക്കൂറുകൾക്കുള്ളിൽ രേഖകൾ സമർപ്പിക്കുമെന്നും പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു.
പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർലമെന്റ് അംഗങ്ങളായ ജയ്റാം രമേശ്, അശോക് ഗെഹ്ലോട്ട്, ഭൂപീന്ദർ സിംഗ് ഹൂഡ, അജയ് മാക്കൻ എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകാനെത്തിയ സംഘത്തിലുണ്ടായിരുന്നു.