തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു
Saturday, October 12, 2024 1:48 AM IST
ചെന്നൈ: തമിഴ്നാട്ടിൽ എക്സ്പ്രസ് ട്രെയിൻ ചരക്കുട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. മൈസൂരുവിൽനിന്ന് ബിഹാറിലെ ദർഭംഗയിലേക്കു പോയ ബാഗ്മതി എക്സ്പ്രസാണ് ഇന്നലെ രാത്രി 8.28ന് തിരുവള്ളുവർ ജില്ലയിലെ കവരൈപേട്ട സ്റ്റേഷനടുത്ത് അപകടത്തിൽപ്പെട്ടത്.
ചരക്കുട്രെയിനിന്റെ പിൻഭാഗത്ത് ദർഭംഗ എക്സ്പ്രസ് വന്നിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദർഭംഗ എക്സ്പ്രസിന്റെ 13 ബോഗികൾ പാളം തെറ്റി. രണ്ടു ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു.
തെറ്റായ സിഗ്നലാണ് അപകടത്തിനു കാരണമെന്നു റിപ്പോർട്ടുണ്ട്. ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്കുട്രെയിനിലേക്ക് ദർഭംഗ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ട്രാക്കിൽ വലിയ കുലുക്കം അനുഭവപ്പെട്ടതോടെ ട്രെയിൻ ലൂപ് ലൈനിലേക്കു തിരിച്ചുവിടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടം നടക്കുന്പോൾ ദർഭംഗ ട്രെയിൻ മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിലായിരുന്നു.