മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ടു
Monday, October 14, 2024 3:41 AM IST
മുബൈ: മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി (അജിത് പവാർ) നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ മുംബൈ ബാന്ദ്രയിൽ മൂന്നംഗ സംഘമാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയത്. രണ്ട് അക്രമികൾ അറസ്റ്റിലായി.
വെടിയേറ്റ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി സംസ്കാരം നടത്തി. മുൻ കോൺഗ്രസ് നേതാവായ സിദ്ദിഖി ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് എൻസിപിയിൽ (അജിത് പവാർ) ചേർന്നത്. ഇദ്ദേഹത്തിന്റെ മകനും കോൺഗ്രസ് എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ഓഫീസിനു പുറത്തുവച്ചാണ് ബാബാ സിദ്ദിഖി ആക്രമിക്കപ്പെട്ടത്.
കോടതിയിൽ ഹാജരാക്കിയ ഗുർമയിൽ ബൽജിത് സിംഗിനെ (23) ഈ മാസം 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ രണ്ടാമൻ ധർമരാജ് കശ്യപ് തനിക്ക് 17 വയസാണു പ്രായമെന്ന് കോടതിയിൽ അറിയിച്ചതോടെ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. വൈദ്യപരിശോധനാ ഫലം ലഭിച്ചശേഷം ഇയാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശമുണ്ട്. ഗുർമയിൽ ബൽജിത് സിംഗ് ഹരിയാന സ്വദേശിയും ധർമരാജ് കശ്യപ് യുപി ബഹ്റായിച്ച് സ്വദേശിയുമാണ്.
അക്രമികളുടെ പക്കൽനിന്ന് 28 വെടിയുണ്ടകൾ കണ്ടെടുത്തു. കേസ് അന്വേഷണത്തിന് പത്തു ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ക്വട്ടേഷൻ കൊലപാതകം, ബിസിനസ് വൈരം തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിച്ചായിരിക്കും ബാബാ സിദ്ദിഖി വധക്കേസിൽ അന്വേഷണം നടത്തുക. സിദ്ദിഖിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. വൈ കാറ്റഗറി സുരക്ഷയുള്ള നേതാവായിരുന്നു സിദ്ദിഖി. അന്വേഷണത്തിനു സഹായിക്കാനായി ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലിനെ നിയോഗിച്ചിട്ടുണ്ട്. 9.9 എംഎം പിസ്റ്റൾകൊണ്ട് അക്രമികൾ അഞ്ചു റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
മൂന്നു ദശകത്തിനിടെ മുംബൈയിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ നേതാവാണ് ബാബാ സിദ്ദിഖി. 1990കളുടെ തുടക്കത്തിൽ ബിജെപി എംഎൽഎമാരായ രാംദാസ് നായക്, പ്രേംകുമാർ ശർമ, ശിവസേന എംഎൽഎമാരായ വിത്തൽ ചവാൻ, രമേഷ് മോറെ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘാംഗം കുറിച്ച സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ബോളിവുഡ് താരങ്ങളുടെ ഉറ്റതോഴൻ
മുംബൈ: സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഉറ്റതോഴനായിരുന്നു ബാബാ സിദ്ദിഖി. ഇദ്ദേഹത്തിന്റെ വന്പൻ ഇഫ്താർ പാർട്ടികൾക്ക് ബോളിവുഡ് താരങ്ങളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.
കോവിഡ് കാലത്ത് സിദ്ദിഖി ശ്ലാഘനീയ പ്രവർത്തനമാണു നടത്തിയത്. 2004-08 കാലത്ത് മഹാരാഷ്ട്ര മന്ത്രിയായിരുന്നു. ബാന്ദ്ര(വെസ്റ്റ്) നിയമസഭാ മണ്ഡലത്തെ മൂന്നു തവണ(1999, 2004, 20009) കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധീകരിച്ച സിദ്ദിഖി ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ടത്. പ്രത്യേക കാരണമൊന്നും സിദ്ദിഖി പറഞ്ഞതുമില്ല. 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അജിത് പക്ഷത്തേക്ക് സിദ്ദിഖി എത്തിയത്. സിദ്ദിഖിയുടെ പിതാവ് ബിഹാറില ഗോപാൽഗഞ്ച് ജില്ലക്കാരനാണ്.