മദ്രസകളിലേത് മതേതര മൂല്യങ്ങൾക്കെതിരായ വിദ്യാഭ്യാസം: ബാലാവകാശ കമ്മീഷൻ
Monday, October 14, 2024 3:41 AM IST
ന്യൂഡൽഹി: മതേതര മൂല്യങ്ങൾക്ക് എതിരായുള്ള വിദ്യാഭ്യാസമാണ് മദ്രസകളിൽ നടക്കുന്നതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മറ്റ് മതസ്ഥരായ വിദ്യാർഥികളടക്കം പഠിക്കുന്ന മദ്രസകളിൽ ഇസ്ലാമിക ആധിപത്യമാണ് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമിക പഠനത്തിന് മുൻഗണ നൽകുന്ന മദ്രസകളിൽ വിദ്യാർഥികൾക്ക് പലപ്പോഴായി പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. കൂടാതെ മദ്രസകളിൽ വിദ്യാർഥികൾക്ക് അധ്യാപകരിൽനിന്ന് ലൈംഗിക പീഡനമടക്കം നേരിടേണ്ടി വന്നതായി രാജ്യത്തെ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് വ്യക്തമാക്കി.
ബിഹാറിലെ സരണിയിൽ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ ഒരു ആണ്കുട്ടിക്കും മുസ്ലീം പുരോഹിതനും പരിക്കേറ്റ വിവരം കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷിച്ചപ്പോൾ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയിൽ ബോംബ് നിർമിക്കുന്നതിന് പരിശീലനം നൽകുന്നതായി കമ്മീഷൻ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ബിഹാറിലെ മദ്രസകളിൽ രണ്ടാം ക്ലാസിലെ ഒരു പുസ്തകത്തിന്റെ പ്രസാധകൻ പാകിസ്ഥാനിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ പറയുന്നു. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെപ്പറ്റിയും ശരി അത്ത് നിയമങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകമാണിത്. ഇത്തരത്തിൽ മദ്രസകളിലേക്കുള്ള ഫണ്ട് രൂപീകരണമടക്കം വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
മദ്രസ വിദ്യാഭ്യാസ ബോർഡിനെ ഒരു അക്കാദമിക് അഥോറിറ്റിയായി കണക്കാക്കാനാവില്ലെന്നും കേവലം പരീക്ഷകൾ നടത്താൻ അധികാരമുള്ള ഒരു സ്ഥാപനമാണതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എൻസിഇആർടിയും എസ്സിഇആർടിയും നൽകുന്ന പാഠ്യപദ്ധതി അനുസരിച്ചുള്ള പാഠ്യപദ്ധതിയല്ല മദ്രസ ബോർഡുകൾ നൽകുന്നത്. ഇത് മദ്രസകളിൽ പഠിക്കുന്ന വിദ്യാഥികളുടെ പാഠ്യനിലവാരത്തെ ബാധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
മദ്രസകളിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാത്ത പല സംഭവങ്ങളും നടക്കുന്നതായി ബാലാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒൻപത് വർഷത്തോളമെടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയതെന്ന് ചെയർമാൻ പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. കമ്മീഷൻ സ്വമേധയ ആയും വിദ്യാർഥികൾ, രക്ഷിതാക്കൾ. അധ്യാപകർ, മതപണ്ഡിതർ തുടങ്ങിയവർക്കിടയിലും നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് റിപ്പോർട്ടെന്നും കനൂംഗോ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
’വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടോടെയാണ് ആമുഖമടക്കം 11 അധ്യായങ്ങളുള്ള റിപ്പോർട്ട് ആരംഭിക്കുന്നത്. 2020-21ലെ കണക്കനുസരിച്ച് രാജ്യത്ത് 19,613 അംഗീകൃത മദ്രസകളും 4037 അനൗദ്യോഗിക മദ്രസകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021-22 കാലയളവിൽ 18.86 കോടി കുട്ടികളാണ് രാജ്യത്ത് ഒന്നാം തരം മുതൽ എട്ടാംതരം വരെ പ്രവേശനം നേടിയത്.
ആറിനും 13നുമിടക്ക് പ്രായമുള്ള 4.11 കോടി മുസ്ലിം വിഭാഗക്കാരായ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 2021-22 കാലയളവിൽ 2.86 കോടി പേർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയെന്നാണ് കണക്ക്. 1.2 കോടി മുസ്ലിം വിഭാക്കാരായ കുട്ടികൾ സ്കൂളുകളിൽ എത്തിയില്ലെന്നാണ് വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ ഇൻഫർമേഷൻ സിസ്റ്റത്തിൽനിന്നു ലഭ്യമായ കണക്കുകൾ.