ഭാംഗർ കലാപം: എട്ടുപേർകൂടി പിടിയിൽ
Thursday, April 17, 2025 2:09 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭാംഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്നുണ്ടായ കലാപത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന എട്ടുപേരെക്കൂടി പോലീസ് പിടികൂടി.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച രാത്രി കാശിപുർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 പേരെ പോലീസ് പിടികൂടിയിരുന്നു. ഇന്നലെ രാത്രി ഹതിസാലയിൽനിന്നു നാലു പേരെയും ചന്ദനേശ്വരിൽനിന്ന് ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇവർ അക്രമത്തിനു നേതൃത്വം നൽകിയതായി തെളിഞ്ഞെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ തിങ്കളാഴ്ച ഭാംഗറിൽ സംഘർഷമുണ്ടായതോടെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) അനുയായികൾ പോലീസുമായി ഏറ്റുമുട്ടി. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികൾ നിരവധി പോലീസ് വാഹനങ്ങൾ കത്തിച്ചതായി സുരക്ഷാ സേനാംഗങ്ങൾ അറിയിച്ചു.
ഐഎസ്എഫ് നേതാവും ഭാംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദിഖ് പ്രസംഗിച്ച വഖഫ് നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കോൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് ഐഎസ്എഫ് അനുയായികൾ മാർച്ച് ചെയ്യുന്നതു പോലീസ് തടയാൻ ശ്രമിച്ചതോടെയാണു സംഘർഷം രൂക്ഷമായത്.