തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസ്
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: ഭീകരൻ തഹാവൂർ റാണ അന്വേഷണ ഏജൻസികളോട് സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടികളാണ് ചോദ്യങ്ങൾക്ക് നൽകുന്നതെന്നും മുംബൈ പോലീസ്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ല എന്നാണ് റാണ ആവർത്തിക്കുന്നതെന്നും മുംബൈ പോലീസ് റാണയുമായുള്ള ചോദ്യം ചെയ്യലിനുശേഷം പ്രതികരിച്ചു.
ന്യൂഡൽഹിയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആസ്ഥാനത്തെത്തി മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് എട്ടു മണിക്കൂറാണ് മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന റാണയെ ചോദ്യം ചെയ്തത്.
മുംബൈ ഭീകരാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബയുടെയും പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്ഐ) പങ്കിനെക്കുറിച്ചാണ് അന്വേഷണ ഏജൻസികൾ റാണയിൽനിന്ന് അറിയാൻ ശ്രമിക്കുന്നത്.
ഭീകരാക്രമണത്തിനുമുന്പ് ലഷ്കർ-ഇ-തൊയ്ബയും ഐഎസ്ഐയും നടത്തിയ മൂന്നുവർഷത്തെ ഗൂഢാലോചനയുടെ വിവരങ്ങൾ റാണയിൽനിന്ന് ലഭ്യമാകുമെന്നു കരുതുന്നു.
തീവ്രവാദികളും അവരുടെ ഇടനിലക്കാരും ഐഎസ്ഐ അധികാരികളും തമ്മിൽ നടത്തിയ സംഭാഷണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തതിൽനിന്നും ഉയർന്നു കേട്ട ചില വ്യക്തികളുടെ പേരുകളെ സംബന്ധിച്ചാണ് റാണയെ ചോദ്യം ചെയ്യുന്നത്. എന്നാൽ പതിനേഴു വർഷം മുന്പുള്ള ആക്രമണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് 64കാരനായ റാണ ആവർത്തിക്കുന്നത്.
ഭീകരാക്രമണത്തിനുമുന്പ് റാണ കൊച്ചിയടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ സന്ദർശിച്ചുവെന്നു മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. കൊച്ചിയും മുംബൈയും ഡൽഹിയുമടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും കേരളത്തിലെത്തിയത് പരിചയക്കാരെ കാണാനായിരുന്നുവെന്നും ഇവരുടെ വിലാസങ്ങളടക്കം റാണ മൊഴിയിൽ നൽകിയതായും സൂചനയുണ്ട്.
മുംബൈ ഭീകരാക്രമണത്തിനുമുന്പ് റാണ കൊച്ചിയിലെത്തിയെന്നു നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിലെത്തിയേക്കും.
പാക്കിസ്ഥാനിൽ ജനിച്ച കനേഡിയൻ പൗരനായ തഹാവൂർ റാണയെ ഇന്ത്യയുടെ ആവശ്യപ്രകാരം ഈ മാസമാണ് പ്രത്യേക വിമാനത്തിൽ അമേരിക്കയിൽനിന്നെത്തിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ പ്രധാന പ്രതിയായ റാണയെ എൻഐഎ പിന്നീട് അറസ്റ്റ് ചെയ്യുകയും ഏപ്രിൽ 11നു 18 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനും റാണയെ ഇന്ത്യയിലെത്തിച്ചതിനും തമ്മിൽ ബന്ധമുണ്ടെന്ന സംശയങ്ങളുടെ ബലത്തിൽ റാണയെ പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.