പഹൽഗാം ഭീകരാക്രമണം: പ്രാദേശിക വീഡിയോഗ്രാഫർ നിർണായക സാക്ഷി
Monday, April 28, 2025 4:36 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രാദേശിക റീൽസ് വീഡിയോഗ്രാഫർ നിർണായക സാക്ഷിയാകും. പ്രദേശവാസിയായ യുവാവ് ബൈസരണിൽ വീഡിയോ ചിത്രീകരണം നടത്തുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഉടൻ മറ്റു സഞ്ചാരികൾക്കൊപ്പം ഓടി രക്ഷപ്പെട്ട ഇയാൾ പൈൻ മരത്തിനു മുകളിൽ കയറി ഒളിച്ചിരുന്ന് സംഭവം മുഴുവൻ ചിത്രീകരിക്കുകയായിരുന്നു. വെടിവയ്പ് അവസാനിക്കുകയും ഭീകരർ രക്ഷപ്പെടുകയും ചെയ്തശേഷമാണ് ഇയാൾ മരത്തിൽനിന്നു താഴെയിറങ്ങിയത്.
ഭീകരാക്രമണത്തിൽ അന്വേഷണം ആരംഭിച്ച എൻഐഎ, വീഡിയോഗ്രാഫറെ ചോദ്യം ചെയ്യുകയും റെക്കോർഡ് ചെയ്ത ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു.
നാലു ഭീകരർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് പുൽമേടിന്റെ രണ്ടു വശങ്ങളിൽനിന്നു വെടിയുതിർത്തതായാണു പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന.
ലഘുഭക്ഷണം വിൽക്കുന്ന കടകൾക്കു സമീപം രണ്ട് തോക്കുധാരികൾ നിലയുറപ്പിച്ചിരുന്നതായി ദൃക്സാക്ഷികൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കടകൾക്കു പിന്നിൽ ഒളിച്ചിരുന്ന ഈ തോക്കുധാരികൾ ഉച്ചകഴിഞ്ഞു രണ്ടരയോടെ പുറത്തേക്കു വരികയായിരുന്നു.
ആദ്യം അവർ അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചു. കുറച്ചു പേരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. കൂട്ടാക്കാത്തവരെ വെടിവച്ചു കൊന്നു. തുടക്കത്തിൽ സംശയിച്ചതുപോലെ ഇത് വിവേചനരഹിതമായ വെടിവയ്പല്ലെന്നാണ് എൻഐഎ കരുതുന്നത്.
പ്രത്യേക ലക്ഷ്യം വച്ചാണ് ഓരോരുത്തർക്കുനേരേയും അവർ വെടിയുതിർത്തത്. ആദ്യത്തെ രണ്ടു ഭീകരർ നാലു വിനോദസഞ്ചാരികളെ വെടിവച്ചു വീഴ്ത്തിയതോടെ എങ്ങും പരിഭ്രാന്തിയായി. ഇതോടെ മറ്റു രണ്ടു ഭീകരർ സിപ്പ് ലൈനിനു സമീപത്തുനിന്നു പുറത്തുവന്ന് ഓടി രക്ഷപ്പെടുന്ന ജനക്കൂട്ടത്തിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയുടെ മൊഴിയുണ്ട്.