ബിബിസി റിപ്പോർട്ടിൽ അതൃപ്തിയുമായി കേന്ദ്രം; പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്ക്
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകളിൽ "തീവ്രവാദികൾ' എന്ന വാക്കിനു പകരം "അക്രമകാരികൾ' എന്ന വാക്ക് ഉപയോഗിച്ചതിനാണ് കേന്ദ്രസർക്കാർ അതൃപ്തി അറിയിച്ചത്.
ബിബിസി ഇന്ത്യ മേധാവി ജാക്കി മാർട്ടിന് ഇതുസംബന്ധിച്ച കത്ത് കേന്ദ്രസർക്കാർ കൈമാറി. ഇതോടൊപ്പം ഭീകരാക്രമണം സംബന്ധിച്ച റിപ്പോർട്ടിന് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകിയതും ഇന്ത്യയുടെ അതൃപ്തിക്കു കാരണമായി. വരുംദിവസങ്ങളിൽ ബിബിസിയുടെ റിപ്പോർട്ടുകൾ കൂടുതലായി നിരീക്ഷിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതോടൊപ്പം പാക്കിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനാണു നടപടി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശപ്രകാരമാണു വിലക്ക്. പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട ചില മാധ്യമപ്രവർത്തകരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
16 ചാനലുകൾക്കുമായി 63 ദശലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്. ഡോണ്‍, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാർത്താ ഏജൻസികളുടെ യുട്യൂബ് ചാനലുകളും നിരോധിച്ചവയിലുണ്ട്.