അഹമ്മദാബാദ് വിമാനദുരന്തം; “റിപ്പോർട്ടുകൾ വസ്തുതാപരമല്ല”
Sunday, July 20, 2025 2:33 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടിന്മേൽ അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്സിനും വാൾ സ്ട്രീറ്റ് ജേർണലിനും നോട്ടീസയച്ച് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി).
വസ്തുതാപരമായ ഉള്ളടക്കങ്ങളുടെ അടിസ്ഥാനത്തിലല്ല രണ്ടു മാധ്യമങ്ങളും അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവിട്ടതെന്നാരോപിച്ചാണ് പൈലറ്റുമാരുടെ സംഘടന വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയത്തിൽ ഇരുമാധ്യമങ്ങളും ക്ഷമാപണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ തുടരന്വേഷണം കേന്ദ്രീകരിക്കുന്നത് വിമാനത്തിന്റെ ക്യാപ്റ്റ (പൈലറ്റ് ഇൻ കമാൻഡ്) നിലേക്കാണെന്നു വാൾ സ്ട്രീറ്റ് ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ വിമാനത്തിന്റെ ക്യാപ്റ്റനാണ് ഓഫ് ചെയ്തതെന്നു വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതേ വാദം റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലും ആവർത്തിച്ചിരുന്നു. അപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായതാകാം അപകടത്തിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും സ്വിച്ചുകൾ അബദ്ധവശാൽ ഓഫായതാണോ പൈലറ്റുമാർ മനഃപൂർവം ഓഫാക്കിയതാണോ അതോ സാങ്കേതിക തകരാറാണോയെന്നു വ്യക്തമാക്കിയിരുന്നില്ല.
ഇതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിംഗാണെന്ന് ആരോപിച്ചു പൈലറ്റുമാരുടെ സംഘടന രംഗത്തു വന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മാധ്യമങ്ങൾ ഇത്തരം സ്ഥിരീകരിക്കാത്ത റിപ്പോർട്ടിംഗിലൂടെ പൈലറ്റുമാരിൽ പഴിചാരിയുള്ള നിഗമനങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത് നിരുത്തരവാദപരമാണെന്ന് എഫ്ഐപി ഇരുമാധ്യമങ്ങൾക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക സ്ഥിരീകരണമോ അന്തിമ റിപ്പോർട്ടോ ഇല്ലാത്ത സാഹചര്യത്തിൽ അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉന്നയിക്കുന്നതും മരിച്ച പൈലറ്റുമാരിലേക്ക് തെറ്റ് ആരോപിക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇ-മെയിലായി അയച്ച കത്തിൽ ആവശ്യമുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങളെ തള്ളി അമേരിക്കൻ ഏജൻസിയും
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി അമേരിക്കയുടെ സ്വതന്ത്ര ഫെഡറൽ ഏജൻസിയായ ദേശീയ ഗതാഗത സുരക്ഷാബോർഡും (എൻടിഎസ്ബി).
മാധ്യമറിപ്പോർട്ടുകൾ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതും അപക്വവുമാണെന്നാണ് എൻടിഎസ്ബിയുടെ അധ്യക്ഷയായ ജെന്നിഫർ ഹോമൻഡി പ്രതികരിച്ചത്.
എഎഐബി പ്രാഥമിക അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടിട്ടേയുള്ളൂ. ഇത്രയും വലിയൊരു അപകടത്തിന്റെ അന്വേഷണത്തിന് സമയമെടുക്കും. എഎഐബിയുടെ തുടരന്വേഷണത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും ഹോമൻഡി കൂട്ടിച്ചേർത്തു.