ഇന്ത്യയെ ആക്രമിക്കാൻ പാക് സൈനിക മേധാവിയോട് ആവശ്യപ്പെട്ടെന്ന്
Friday, August 8, 2025 2:24 AM IST
അഹമ്മദാബാദ്: നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ആശയങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യുവതി പാക് സൈനികമേധാവിക്കു പിന്തുണ നൽകിയിരുന്നെന്ന് എടിഎസ്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനോട് ജാർഖണ്ഡ് സ്വദേശിയായ ഷമ പർവീൻ അൻസാരി എന്ന മുപ്പതുകാരി അഭ്യർഥിച്ചതായാണ് എടിഎസ് കണ്ടെത്തൽ.
കഴിഞ്ഞ അഞ്ചു വർഷമായി ബംഗളൂരുവിൽ താമസിച്ചിരുന്ന ഷമയെ ജൂലൈ 29നാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് എടിഎസ് നേരത്തേ കസ്റ്റഡിയിലെടുത്ത പ്രതികളിൽനിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ പർവീൻ പിടിയിലായത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രചാരണശൃംഖല ഷമ പർവീൻ കൈകാര്യം ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു.
രണ്ട് ഫേസ്ബുക്ക് പേജുകളും പതിനായിരത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉപയോഗിച്ച്, തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുകയും, തീവ്ര മതപുരോഹിതരെ പ്രശംസിക്കുകയും ഇന്ത്യയോടുള്ള ശത്രുത പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി എടിഎസ് വെളിപ്പെടുത്തി.