എസ്എസ്ഐയെ വധിച്ച പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി
Friday, August 8, 2025 2:24 AM IST
തിരുപ്പൂർ: ഗുഡിമംഗലം സ്റ്റേഷനിലെ സ്പെഷൽ സബ് ഇൻസ്പെക്ടർ ഷൺമുഖ വടിവേലിനെ (57) മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മണികണ്ഠനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
ഉദുമൽപേട്ടയിലെ ഫാം ഹൗസിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ പിതാവിന്റെയും മക്കളുടെയും തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഷൺമുഖ വടിവേലും കോൺസ്റ്റബിൾ അഴകു രാജയും.
മൂവരെയും അനുനയിപ്പിച്ചശേഷം പരിക്കേറ്റ മണികണ്ഠന്റെ പിതാവിനെ ഷൺമുഖ വടിവേൽ ആശുപത്രിയിലെത്തിച്ചു. ഇതാണ് മണികണ്ഠനെ പ്രകോപിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മണികണ്ഠൻ ഷൺമുഖനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.