ആഭ്യന്തര അന്വേഷണം: ജസ്റ്റീസ് വർമയുടെ ഹർജി സുപ്രീംകോടതി തള്ളി
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ടിനെതിരായ ഹർജി സുപ്രീംകോടതി തള്ളി.
ആഭ്യന്തര അന്വേഷണസമിതിയുടെ രൂപീകരണവും നടപടിക്രമവും നിയമവിരുദ്ധമല്ലെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോസഫ് മസിഹ് എന്നിവരുടെ ബെഞ്ച് വിധിച്ചു.
ജസ്റ്റീസ് വർമ ആഭ്യന്തര അന്വേഷണത്തോടു സഹകരിക്കുകയും പിന്നീട് അന്വേഷണത്തെ കോടതിയിൽ വെല്ലുവിളിക്കുകയും ചെയ്തതിനാൽ റിട്ട് ഹർജി ഒരു തരത്തിലും പരിഗണിക്കാൻ സാധിക്കില്ലെന്ന് വിധി പ്രസ്താവിക്കുന്നതിനുമുന്പ് ബെഞ്ച് ആമുഖമായി വ്യക്തമാക്കി.