ധർമസ്ഥലയിൽ സംഘർഷം ; കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവിനും യുട്യൂബർമാർക്കും നേരേ കൈയേറ്റം
Friday, August 8, 2025 2:24 AM IST
മംഗളൂരു: ധർമസ്ഥലയിൽ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെ തുടർന്നു നടക്കുന്ന അന്വേഷണം സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നു.
പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകൾ റിപ്പോർട്ട് ചെയ്യാനെത്തിയ യൂട്യൂബർമാരെ ഒരു വിഭാഗം ആളുകൾ കൈയേറ്റം ചെയ്തു. 2012 ൽ ഇവിടെവച്ച് കൊല്ലപ്പെട്ട എസ്ഡിഎം കോളജ് വിദ്യാർഥിനി സൗജന്യയുടെ ബന്ധുവിന്റെ കാർ തകർത്തു.
സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നു പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിന്റെ കൈയേറ്റത്തിനിരയായ യുട്യൂബർമാരായ അജയ് അഞ്ചൻ, അഭിഷേക്, വിജയ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡയുടെ ഉടമസ്ഥതയിലുള്ള കാറാണ് അക്രമികൾ തല്ലിത്തകർത്തത്.
കന്നഡ ടെലിവിഷൻ താരമായ രജത് കഴിഞ്ഞദിവസം സൗജന്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് യുട്യൂബർമാർക്കു നേരെ കൈയേറ്റം നടന്നത്. സൗജന്യയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ പതിച്ച കാറിലാണ് യുട്യൂബർമാരെത്തിയത്. ഇതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.
ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ടാണ് നൂറോളം പേരടങ്ങിയ സംഘം അക്രമം അഴിച്ചുവിട്ടതെന്ന് യുട്യൂബർമാർ പറഞ്ഞു. പോസ്റ്ററുകൾ കീറിയെറിഞ്ഞ സംഘം കാറിന്റെ ചില്ലുകൾ തല്ലിത്തകർത്തു. മാധ്യമസംഘത്തിന്റെ കാമറകളും നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ധർമസ്ഥലയിൽ പരിശോധനകൾ നടക്കുന്ന ഭാഗങ്ങളിലും ആളുകൾ സംഘം ചേർന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങളെയും മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചിരുന്നു. സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.