പ്രതിപക്ഷ ബഹളത്തിനിടെ മണിപ്പുർ ധനവിനിയോഗ ബിൽ ലോക്സഭ പാസാക്കി
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള പ്രതിപക്ഷബഹളത്തിനിടയിൽ മണിപ്പുർ ധനവിനിയോഗ ബിൽ (മണിപ്പുർ അപ്രോപ്രിയേഷൻ ബിൽ, 2025) ലോക്സഭ പാസാക്കി.
ശബ്ദവോട്ടിലൂടെ ബില്ല് പാസായ ഉടൻ ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭയിലും സമാനരീതിയിൽ പ്രതിഷേധങ്ങൾ തുടർന്ന സാഹചര്യത്തിൽ ചെറിയ ചർച്ചയ്ക്കുശേഷം കോസ്റ്റൽ ഷിപ്പിംഗ് ബിൽ 2025 പാസാക്കി പിരിഞ്ഞു.
ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ വർഷകാല സമ്മേളനം ആരംഭിച്ച് തുടർച്ചയായി പാർലമെന്റ് ബഹളത്തിൽ പിരിയുകയാണ്. ഇതോടെയാണു വിവിധ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്ന നടപടിയിലേക്ക് (ഗില്ലറ്റിൻ) കേന്ദ്ര സർക്കാർ കടന്നത്.
എന്നാൽ ദേശീയ സ്പോർട്സ് ഗവേണൻസ് ബിൽ ചർച്ചയില്ലാതെ പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം നടന്നില്ല. ബിൽ വിദഗ്ധ പരിശോധനയ്ക്കായി പാർലമെന്റിന്റെ സംയുക്ത സമിതിക്കു വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.