രാജ്യത്തെ ആദ്യ സന്പൂർണ ഡിജിറ്റൽ പത്രസമ്മേളനം
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: കൃത്യവും വിശദവുമായ തെളിവുകളോടെയും വിവരണങ്ങളോടെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ സന്പൂർണ ഡിജിറ്റൽ പത്രസമ്മേളനം പുതുമയുള്ളതും ആകർഷകവുമായി. രാജ്യത്തെ ആദ്യ സന്പൂർണ ഡിജിറ്റൈസ്ഡ് പത്രസമ്മേളനംകൂടിയാകും എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കോണ്ഗ്രസ് നേതാവ് രാഹുൽ നടത്തിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവു ശൈലികളിൽനിന്നു മാറി സഞ്ചരിക്കുന്ന രാഹുലിന്റെ ഇന്നലത്തെ രാഷ്ട്രീയബോംബ് പൊട്ടിക്കലും പതിവു രാഷ്ട്രീയ പത്രസമ്മേളനങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു. നല്ല ഒഴുക്കൻ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രാഹുലിന്റെ അവതരണത്തിന്റെ ശൈലിയും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടിക ക്രമക്കേടുകളെക്കുറിച്ചുള്ള തെളിവുകൾ ഓരോന്നായി വീഡിയോ സ്ക്രീനിൽ തെളിയിച്ചും വിശദീകരിച്ചും നടത്തിയ ആക്രമണത്തിൽ ബിജെപി അനുകൂല മാധ്യമങ്ങളുടെ പ്രതിനിധികൾക്കുപോലും കാര്യമായ പ്രതിരോധം ഉയർത്താനായില്ല.
രാഹുലിന്റെ പത്രസമ്മേളനം പൂർത്തിയായി നിമിഷങ്ങൾക്കകം ബിജെപി നേതാക്കളും തെരഞ്ഞെടുപ്പു കമ്മീഷനും ഒരുപോലെ പതിവുചോദ്യങ്ങളും ആക്ഷേപങ്ങളുമായി രംഗത്തെത്തിയതും ആരോപണത്തിന്റെ തെളിമയും ശക്തിയും തെളിയിച്ചു.
ആരോപണങ്ങളെക്കുറിച്ച് ഇതുവരെ രേഖാമൂലം പരാതി നൽകിയില്ലെന്നും തെളിവ് ഹാജരാക്കണമെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പതിവുപോലെ പറഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആരും പരാതി നൽകിയില്ലെന്നും കമ്മീഷൻ പറയുന്നു.
എന്നാൽ ഇതൊക്കെ കള്ളമാണെന്നും പലതവണ ഇക്കാര്യം പാർലമെന്റിലും പത്രസമ്മേളനത്തിലും ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷനു രേഖാമൂലം എഴുതി നൽകിയിട്ടുണ്ടെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് രാഹുൽ മറുപടി നൽകിയത്. തനിക്കെതിരേ ഇന്നേവരെ കമ്മീഷൻ കേസെടുത്തിട്ടില്ലെന്നും രാഹുൽ ഓർമിപ്പിച്ചു.