വോട്ട് അട്ടിമറി: ഒത്തുകളിച്ച് ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
വോട്ടർപട്ടികയുടെ ഡിജിറ്റൽ പതിപ്പ് വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ ഇപ്പോഴും അനുവദിക്കാത്തതിനു പിന്നിൽ വ്യക്തമായ കള്ളക്കളിയുണ്ട്. പോളിംഗ് ബൂത്തുകളിലെ സിസിടിവി തെളിവുകൾ നശിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ തീരുമാനവും ആസൂത്രിത ഗൂഢാലോചന തെളിയിക്കുന്നു.
വോട്ടിംഗ് സമയം തീരുന്നതിനു തൊട്ടുമുന്‍പായി ചില ബൂത്തുകളിൽ ക്രമാതീതമായി വോട്ടിംഗ് ശതമാനം ഉയർന്നതിന്റെ തെളിവുകൾ ഇല്ലാതാക്കാനാണു സിസിടിവി ദൃശ്യം നശിപ്പിക്കാൻ തീരുമാനിച്ചത്. തട്ടിപ്പിന്റെ തെളിവുകൾ കിട്ടാതിരിക്കാൻ ഇതിനായി നയത്തിൽ മാറ്റം വരുത്തിയെന്ന് രാഹുൽ വിശദീകരിച്ചു.
മറ്റെല്ലാ പാർട്ടികളെയും ബാധിക്കുന്ന, വോട്ടർമാരിൽ സ്വാഭാവികമായുള്ള ഭരണവിരുദ്ധവികാരം ബിജെപിക്കു മാത്രമില്ല. ഇതിനു പിന്നിൽ വൻ തട്ടിപ്പുണ്ട്.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളാണെന്നും ഇങ്ങനെയാണു ബാംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി തെറ്റായ ജയം കരസ്ഥമാക്കിയതെന്നും ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടി.
2023ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു പിന്നീട് നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്. ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ജനവിധി അട്ടിമറിക്കാൻ കൃത്രിമങ്ങളുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായുള്ള സംശയം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലെ വെറും അഞ്ചു മാസത്തെ ഇടവേളയിൽ ഒരു കോടിയിലധികം പുതിയ വോട്ടർമാർ ചേർക്കപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ചു വർഷത്തിനിടെ ചേർത്തതിനേക്കാൾ കൂടുതലാണിത്. പോളിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി വൈകുന്നേരം 5.30നുശേഷമാണ് വോട്ടിംഗ് ശതമാനം കുത്തനേ കൂടിയത്. ഇത്തരത്തിൽ വോട്ടർമാരുടെ ക്യൂ ബൂത്തുകളിൽ ഉണ്ടായിരുന്നില്ലെന്ന് ബൂത്ത് ഏജന്റുമാർ സാക്ഷ്യപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നതായി കമ്മീഷൻ അറിയിച്ചത് തെളിവുകൾ ഇല്ലാതാക്കുന്നതിനാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 30 എണ്ണവും കോണ്‍ഗ്രസും സഖ്യകക്ഷികളുമാണു ജയിച്ചത്. പക്ഷേ അഞ്ചു മാസം കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരിയതിൽ ക്രമക്കേടുകളുണ്ട്.
രാഷ്ട്രീയ പാർട്ടികൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വോട്ടർപട്ടികയുടെ ഡിജിറ്റൽ പതിപ്പ് നൽകിയില്ല. പകരം വലിയ കെട്ടുകണക്കിന് അച്ചടിച്ച പട്ടികയാണു നൽകിയത്. ഇതാകട്ടെ വായിക്കാൻ പ്രയാസമാണ്.
ഇതിനു പകരം വോട്ടർ പട്ടികയുടെ ഡിജിറ്റൽ കോപ്പി നൽകാൻ മിനിറ്റുകൾ മതി. വ്യാജവോട്ടർമാർ, വ്യാജവിലാസങ്ങൾ, വ്യാജ ഫോട്ടോകൾ, ഇരട്ടിപ്പുകൾ, മറ്റു കൃത്രിമങ്ങൾ എന്നിവ ഡിജിറ്റൽ പകർപ്പിൽ വേഗത്തിൽ കണ്ടെത്താനാകും. പലതും ഒളിക്കാനും മറയ്ക്കാനുമുള്ളതുകൊണ്ടാണ് വളരെ എളുപ്പത്തിൽ നൽകാവുന്ന ഡിജിറ്റൽ കോപ്പി (മെഷീൻ റീഡബിൾ) പ്രതിപക്ഷ പാർട്ടികൾക്കു നൽകാത്തതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ പൊരുത്തക്കേടുകൾ
ഇരട്ട വോട്ടുകൾ 11,965
വ്യാജ വിലാസങ്ങൾ 40,009
ഒരു വിലാസം, അനേക വോട്ട് 10,452
തെറ്റായ ഫോട്ടോകൾ 4,132
ഫോറം 6 ദുരുപയോഗം 33,692
മൊത്തം വ്യാജവോട്ടുകൾ 1,00,250
കർണാടകയിൽ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഫലം അട്ടിമറിച്ച ക്രമക്കേടുകളാണ് ഈ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിലേത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാദേവപുര മണ്ഡലത്തിലെ വോട്ടർപട്ടികയിൽ 1,00,250 വോട്ടുകളുടെ മോഷണം നടന്നുവെന്ന് കോണ്‍ഗ്രസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഭരണകക്ഷിയായ ബിജെപിയുമായി ചേർന്നു തെരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടുമോഷണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കർണാടകയിൽ 16 ലോക്സഭാ മണ്ഡലങ്ങൾ കോണ്‍ഗ്രസ് നേടുമെന്ന് ആഭ്യന്തര സർവേയിൽ കണ്ടെത്തിയിരുന്നു. ഒന്‍പതു സീറ്റുകൾ ഞങ്ങൾ നേടി. ഏഴിടങ്ങളിൽ അപ്രതീക്ഷിത തോൽവികളും. അതേക്കുറിച്ചു പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ തെരഞ്ഞെടുത്തു.
വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി കമ്മീഷൻ കൈമാറാത്തതിനാൽ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂവെന്ന് കോണ്‍ഗ്രസിന്റെ വിദഗ്ധ ടീം തീരുമാനിച്ചു. അങ്ങനെയാണു വലിയതോതിലുള്ള തട്ടിപ്പുകൾ കണ്ടെത്തിയത്. മഹാദേവപുരയിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവും അസാധുവുമായ വോട്ടർമാരെയും അവരുടെ വിലാസങ്ങളും കണ്ടെത്തി.
ഒരേ വോട്ടർമാരുടെ പേരും വിലാസവും നാലു തവണവരെ ആവർത്തിക്കുന്ന വോട്ടർപട്ടികയുടെ പകർപ്പ് അടക്കമുള്ള തെളിവുകൾ രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വോട്ടർപട്ടികയിൽ ഇരട്ടിപ്പുള്ള വോട്ടർ, രണ്ടിടത്തും വോട്ട് രേഖപ്പെടുത്തിയതിന്റെ തെളിവും അദ്ദേഹം പുറത്തുവിട്ടു. ഒരേ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വോട്ടർ പട്ടികയിലെ ഒരു പേജിൽ തന്നെയുണ്ട്.
വോട്ടുതട്ടിപ്പിന് അഞ്ച് വഴികൾ
വോട്ടർപട്ടികയിലെ തട്ടിപ്പിനായി അഞ്ച് മാർഗങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിലുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒരേ വോട്ടർതന്നെ പലതവണ ആവർത്തിക്കുന്നതാണ് ഒന്ന്. ഇല്ലാത്ത വ്യാജവിലാസങ്ങളിൽ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതാണു മറ്റൊന്ന്.
വീട്ടുനന്പർ പൂജ്യം എന്നുള്ള നിരവധി വോട്ടർമാർ പട്ടികയിലുണ്ട്. ഒരു വിലാസത്തിൽ അനേക വോട്ടുകൾ (ചിലപ്പോൾ നൂറിലേറെ) ചേർക്കുന്നതാണു മൂന്നാമത്. നാലാമതായി, തെറ്റായതോ ഏകദേശം വ്യത്യസ്തമായതോ ആയ ഫോട്ടോകൾ ഉൾപ്പെടുത്തുന്നു. പുതിയ വോട്ടർമാർക്ക് ചേരുന്നതിനുള്ള ഫോറം ആറിന്റെ ദുരുപയോഗത്തിലൂടെ വ്യാജവോട്ടർമാരെ ചേർക്കുന്നതാണ് അഞ്ചാമത്തേതെന്ന് രാഹുൽ ആരോപിച്ചു.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക മാത്രം പരിശോധിച്ചതിലെ ക്രമക്കേടുകളും തട്ടിപ്പുകളുമാണിതെന്ന് രാഹുൽ വിശദീകരിച്ചു. ബംഗളൂരു സെൻട്രൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ജയം അട്ടിമറിച്ച് ബിജെപി ജയിച്ചതിന്റെ തെളിവുകളാണ് രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ നിരത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.