"കർഷകതാത്പര്യം സംരക്ഷിക്കും'; ട്രംപിനു പരോക്ഷ മറുപടിയുമായി മോദി
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരമേഖലയിലുള്ളവരുടെയും താത്പര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ നിലപാടിനു വ്യക്തിപരമായി വലിയ വില നൽകേണ്ടിവന്നാലും താൻ അതിനു തയാറാണെന്നും ഡോ.എം.എസ്. സ്വാമിനാഥൻ ജന്മശതാബ്ദി സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ പരോക്ഷ മറുപടി.
ഇന്ത്യക്കുമേലുള്ള ട്രംപിന്റെ തീരുവ നടപടി ഏറ്റവുമധികം ബാധിക്കുന്നത് കാർഷികമേഖലയെയാണ്. തീരുവ നടപ്പാക്കിയതിനു പിന്നാലെ അമേരിക്കയുടെ സമ്മർദങ്ങൾക്കു തത്കാലം വഴങ്ങേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അമേരിക്കയ്ക്ക് അതേ നാണയത്തിൽ തിരിച്ച് തീരുവ ചുമത്തണമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിനുള്ള ശ്രമം പ്രതിപക്ഷം ആരംഭിച്ചു. ട്രംപിന്റെ തീരുവനയത്തിൽ പ്രധാനമന്ത്രിയുടെ കൈകൾ ബന്ധിച്ചിരിക്കുകയാണെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.