കോണ്ഗ്രസ് പുനഃസംഘടന വഴിമുട്ടി, അടുത്തയാഴ്ച വീണ്ടും ചർച്ച
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസ് പുനഃസംഘടന നീളുന്നു. സംസ്ഥാനനേതാക്കൾ ഡൽഹിയിലെത്തി രണ്ടു പകലും രാത്രിയും നടത്തിയ ചർച്ചയിലും സമവായമുണ്ടായില്ല. ഡിസിസി പ്രസിഡന്റുമാരുടെ മാറ്റം, പുതിയ പേരുകൾ തുടങ്ങിയ കാര്യങ്ങളിലാണു പ്രധാന തർക്കം.
അടുത്തയാഴ്ച കൂടുതൽ ചർച്ച നടത്തി സമവായ പട്ടിക തയാറാക്കാനാണു നീക്കം. ഞായറാഴ്ച പ്രഖ്യാപിക്കാനിരുന്ന പുനഃസംഘടനാ പട്ടിക സ്വാതന്ത്ര്യദിനത്തിനു മുന്പായെങ്കിലും പ്രഖ്യാപിക്കുമോയെന്നു തീർച്ചയില്ല.
കെപിസിസി, ഡിസിസി പട്ടികയ്ക്ക് അന്തിമ രൂപമാകാത്തതിനെത്തുടർന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇന്നലെ കേരളത്തിലേക്കു മടങ്ങി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായി ഇന്നലെ വൈകുന്നേരവും ഡൽഹിയിൽ ചർച്ച തുടർന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നു രാവിലെ കേരളത്തിലേക്കു മടങ്ങും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി എംപിമാർ വീണ്ടും ഡൽഹിയിലെത്തും.