ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വിജ്ഞാപനമായി
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി:രാജ്യത്തിന്റെ 17-ാ മത് ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
സെപ്റ്റംബർ ഒന്‍പതിനാണു തെരഞ്ഞെടുപ്പ്. ഇന്നുമുതൽ 21 വരെ നാമനിർദേശം നൽകാം. 22ന് സൂക്ഷ്മപരിശോധന നടക്കും. 25 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ ഒന്‍പതിന് രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനുമിടയിൽ പോളിംഗ് നടത്തും.
ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് അംഗങ്ങളുടെ പട്ടിക ഇന്നലെമുതൽ ലഭ്യമാക്കുമെന്ന് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇലക്ടറൽ കോളജിൽ എൻഡിഎ അംഗങ്ങളാണു കൂടുതൽ എന്നതിനാൽ ഭരണപക്ഷത്തിന്റെ സ്ഥാനാർഥിയായിരിക്കും തെരഞ്ഞെടുക്കപ്പെടുക. എല്ലാവർക്കും സ്വീകാര്യതയുള്ള ഒരാളെ മത്സരിപ്പിക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
ഭരണപക്ഷത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും എൻഡിഎ യോഗം നിയോഗിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന എൻഡിഎ യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെഡിയുവിന്റെ ലാലൻ സിംഗ്, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, ടിഡിപിയുടെ ലാവു ശ്രീകൃഷ്ണ ദേവരായലു, എൽജെപിയുടെ (റാം വിലാസ്) ചിരാഗ് പാസ്വാൻ തുടങ്ങിയവർ പങ്കെടുത്തു.