ഉത്തരകാശി മിന്നൽപ്രളയം; കണ്ടെത്താനുള്ളത് 60 പേരെ
Friday, August 8, 2025 2:24 AM IST
ഉത്തരകാശി: ഉത്തരകാശിയിൽ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസത്തിലേക്ക്. ഇന്നലെ സൈന്യം 274 പേരെ രക്ഷപ്പെടുത്തി. ഇനിയും 60 പേരെ കണ്ടുകിട്ടാനുണ്ട്. ഇതിലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ മിന്നൽപ്രളയത്തിൽ നാലു പേർ മരിച്ചതായാണ് അധികൃതർ പറയുന്നത്. ബുധനാഴ്ച രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത നാല് മരണങ്ങളിൽ ഇവ ഉൾപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല.
വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടന്ന 274 പേരെ വ്യോമമാർഗം ഇവിടെനിന്ന് 432 കിലോമീറ്റർ അകലെയുള്ള മാത്ലി ടൗണിലേക്ക് എത്തിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ധരാലിയിലേക്ക് അത്യാധുനിക ഉപകരണങ്ങൾ വ്യോമമാർഗം എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ധരാലിയും സമീപപ്രദേശമായ ഹർസിലും മണ്ണിടിച്ചിലും റോഡിലെ വിള്ളലും മൂലം ഒറ്റപ്പെട്ട നിലയിലാണ്.
ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ ഒമ്പത് സൈനികരെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഋഷികേശ് എയിംസിലേക്കും എട്ടു പേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും മാറ്റി.