ഉത്തരകൊറിയൻ മിസൈൽ ജപ്പാൻ സമുദ്രത്തിൽ പതിച്ചു
ഉത്തരകൊറിയൻ മിസൈൽ ജപ്പാൻ സമുദ്രത്തിൽ പതിച്ചു
Wednesday, August 24, 2016 11:44 AM IST
സിയൂൾ: മുങ്ങിക്കപ്പലിൽനിന്ന് ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാൻ സമുദ്രത്തിൽ പതിച്ചു. സിൻപോ തീരനഗരമേഖലയിൽനിന്ന് വിക്ഷേപിച്ച മിസൈൽ 500 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ മേഖലയിൽ പതിക്കുകയായിരുന്നു. നേരത്തെയും മുങ്ങിക്കപ്പലിൽനിന്ന് ഇത്തരം മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇത്രയും ദൂരം വിജയകരമായി പിന്നിടുന്നത് ആദ്യമാണ്. മിസൈൽ സാങ്കേതിക വിദ്യയിൽ ഉത്തരകൊറിയ പുരോഗതി കൈവരിച്ചെന്നതിന്റെ സൂചനയാണിതെന്നു വിദഗ്ധർ വിലയിരുത്തി.

പൊറുക്കാനാവാത്ത അപരാധമെന്നാണ് ഉത്തരകൊറിയൻ നടപടിയെ ജപ്പാൻ പ്രതിരോധമന്ത്രി ഷിൻസോ ആബെ വിശേഷിപ്പിച്ചത്. രക്ഷാസമിതിയുടെ വിലക്ക് ലംഘിച്ചുകൊണ്ടാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയയും അമേരിക്കയും ചേർന്ന് വാർഷിക സൈനികാഭ്യാസം ആരംഭിച്ച വേളയിലാണു മിസൈൽ വിക്ഷേപണം എന്നതും ശ്രദ്ധേയമാണ്.

ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ടോക്കിയോയിൽ ചേർന്ന് ഉത്തരകൊറിയൻ മിസൈൽ വിക്ഷേപണത്തെക്കുറിച്ചു ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.