കൊടുങ്കാറ്റ്: ചൈനയിൽ മരണം 33 ആയി
Sunday, August 11, 2019 11:22 PM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ കനത്തനാശം വിതച്ച ലെകിമാ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. 16 പേരെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ഷെജിയാംഗിലെ വെൻലിംഗ് നഗരത്തിൽ മണിക്കൂറിൽ 187 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. തുടർന്നു പേമാരിയുമുണ്ടായി. യോംഗ്ജിയാ കൗണ്ടിയിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെയുണ്ടായ പ്രളയം ഏറെ നാശം വിതച്ചു.
ഷെജിയാംഗ് പ്രവിശ്യയിലെ അന്പതുലക്ഷം പേർ പ്രളയക്കെടുതിക്കിരയായി. പത്തുലക്ഷത്തിലധികം പേരെ നേരത്തെ മാറ്റിപ്പാർപ്പിച്ചുവെന്നു സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു.ഷെജിയാംഗിൽ 34,000വീടുകൾക്കു കേടുപാടു സംഭവിച്ചു.
പ്രളയവും കൊടുങ്കാറ്റും മൂലം 210 കോടി ഡോളറിന്റെ നാശമുണ്ടായെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. ലെകിമായെത്തുടർന്ന് 3200 ഫ്ളൈറ്റുകൾ റദ്ദാക്കിയെന്ന് ചൈനീസ് ടിവി അറിയിച്ചു.