ഭീകരാക്രമണങ്ങൾ; നൈജീരിയയിൽ എട്ടു മരണം
Monday, August 12, 2019 11:29 PM IST
കാനോ: വടക്കുകിഴക്കൻ നൈജീരിയയിൽ നടന്ന രണ്ടു തീവ്രവാദ ആക്രമണങ്ങളിൽ മൂന്നു പട്ടാളക്കാരടക്കം എട്ടു പേർ കൊല്ലപ്പെട്ടു.
ഐഎസ് ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്ന ഭീകര സംഘടന സൈനിക ക്യാന്പിൽ നടത്തിയ ആക്രമണത്തിൽ മൂന്നു പട്ടാളക്കാരും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടു. മെയ്ദുഗുരിക്ക് എൺപതു കിലോമീറ്റർ അകലെ ഗുബിയോയിൽ സ്ഥിതിചെയ്യുന്ന സൈനിക ക്യാന്പിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. യന്ത്രത്തോക്കുകൾ ഘടിപ്പിച്ച ഒന്പതു പിക്അപ് ട്രക്കുകളിലാണ് ഭീകരർ എത്തിയത്. സൈനികർ ഇവരുമായി രണ്ടു മണിക്കൂർ ഏറ്റുമുട്ടി. വ്യോമാക്രമണം നടത്തിയാണ് ഭീകരരെ തുരത്തിയത്. 11 ഭീകരരെ വധിച്ചു.
ഞായറാഴ്ച മെയ്ദുഗിരിക്ക് 14 കിലോമീറ്റർ അകലെയുള്ള എൻഗ്വോം ഗ്രാമത്തിൽ ബോക്കോഹറാം ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു പേരും മരിച്ചു. അതിരാവിലെ ട്രക്കുകളിൽ എത്തിയ ഭീകരർ രണ്ടു പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളുടെ ആഭരണങ്ങൾ കവരുകയും നാലു ഭവനങ്ങൾക്കു തീയിടുകയും ചെയ്തു.