മെൽബൺ നഗരത്തിൽ കത്തിയാക്രമണം; ഒരാൾ മരിച്ചു
Tuesday, August 13, 2019 11:49 PM IST
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ ഇരുപത്തിയൊന്നുകാരൻ നടത്തിയ കത്തിയാക്രമണത്തിൽ ഒരു വനിത കൊല്ലപ്പെടുകയും മറ്റൊരു വനിതയ്ക്കു പരിക്കേൽക്കുകയും ചെയ്തു. മെർട്ട് നെയ് എന്ന അക്രമിയെ ജനങ്ങൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വലിയ അടുക്കളക്കത്തിയുമായി റോഡിലിറങ്ങിയ അക്രമി, “അള്ളാഹു അക്ബർ” എന്നുവിളിച്ച് ഭീതി വിതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ സംഭവത്തിനു തീവ്രവാദബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. എന്നാൽ മാനസിക അസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്നവർ യുഎസിലും ന്യൂസിലൻഡിലും നടത്തിയ വംശീയ ആക്രമണങ്ങളെക്കുറിച്ചു വിവരങ്ങളുള്ള പെൻഡ്രൈവ് ഇയാളിൽനിന്നു കണ്ടെത്തി.