ഹോങ്കോംഗ് വിമാനക്കന്പനി മേധാവി രാജിവച്ചു
Friday, August 16, 2019 11:42 PM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ കാത്തായ് പസഫിക് എയർലൈൻസ് കന്പനിയുടെ സിഇഒ റൂപെർട്ട് ഹോഗ് രാജിവച്ചു.ഹോങ്കോംഗിൽ നടക്കുന്ന ജനാധിപത്യപ്രക്ഷോഭത്തിനു കന്പനി ജീവനക്കാർ പിന്തുണ പ്രഖ്യാപിച്ചതിൽ ചൈന അനിഷ്ടം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണു നടപടി.
മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ പോൾ ലൂവും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടര മാസമായി നടക്കുന്ന ചൈനാവിരുദ്ധ സമരത്തിൽ കാത്തായ് എയർലൈൻസിലെ ഒരു വിഭാഗം ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ചൈനയുടെ അനിഷ്ടത്തെത്തുടർന്ന് രണ്ടു പൈലറ്റുമാർ അടക്കം നാലു ജീവനക്കാരെ കന്പനി സസ്പെൻഡ് ചെയ്തു. സമരത്തിൽ പങ്കെടുക്കുന്നവരെ ചൈനയിലേക്കുള്ള വിമാനങ്ങളിൽ ജോലിക്കു നിയോഗിക്കരുതെന്നും ചൈന നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ ജനാധിപത്യ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തയാറാവണമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് നിർദേശിച്ചു.