രഹസ്യ ചർച്ച സ്ഥിരീകരിച്ച് നിക്കോളാസ് മഡുറോ
Wednesday, August 21, 2019 11:11 PM IST
കാരക്കാസ്: വെനസ്വേലൻ ഉദ്യോഗസ്ഥർ യുഎസുമായി രഹസ്യ ചർച്ച നടത്തിവരികയാണെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥിരീകരിച്ചു. ചർച്ച തുടങ്ങിയിട്ട് മാസങ്ങളായെന്നും തന്റെ അനുമതിയോടെയാണിതെന്നും മഡുറോ ട്വീറ്റു ചെ്യതു.
മഡുറോ സർക്കാരിന്റെ ഉദ്യോസ്ഥരുമായി യുഎസ് ചർച്ച നടത്തുന്നുണ്ടെന്നു ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു മഡുറോയുടെ സ്ഥിരീകരണം വന്നത്.സോഷ്യലിസ്റ്റ് നേതാവ് കാബെല്ലോയുമായി യുഎസ് രഹസ്യ ചർച്ച നടത്തിയെന്നു നേരത്തെ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തിരുന്നു . മഡുറോയെ പുറത്താക്കുന്നതിന് പിന്തുണ തേടുകയായിരുന്നു ലക്ഷ്യം. മഡുറോ പുറത്തായാൽ അദ്ദേഹത്തിന്റെ കാബിനറ്റിൽ പ്രവർത്തിച്ചവർക്ക് എതിരേ നടപടി പാടില്ലെന്നാണ് കാബെല്ലോ പക്ഷത്തിന്റെ ആവശ്യം.
കാബല്ലോയുമായാണോ യുഎസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ട്രംപ് വിസമ്മതിച്ചു.
പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോ വെനസ്വേലൻ പ്രസിഡന്റാവണമെന്നാണ് യുഎസിന്റെ നിലപാട്.