കാഷ്മീർ: ഇന്ത്യയുടെ സമ്മതമാണ് ആവശ്യമെന്നു പാക്കിസ്ഥാൻ
Friday, August 23, 2019 1:12 AM IST
ഇസ്ലാമാബാദ്: കാഷ്മീർ പ്രശ്നപരിഹാരത്തിനു മധ്യസ്ഥതാ വാഗ്ദാനവുമായി ഒട്ടേറെ രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ സമ്മതിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പുരോഗതി സാധ്യമാകൂ എന്നു പാക്കിസ്ഥാൻ. വാഗ്ദാനങ്ങൾ ഇന്ത്യ സ്വീകരിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാവൂ എന്നു പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് ഉഭയകക്ഷിബന്ധം തകർന്ന ഘട്ടത്തിലാണു പാക്കിസ്ഥാന്റെ പ്രതികരണം.
കാഷ്മീരിൽ കർഫ്യൂ സമാനമായ അന്തരീക്ഷമാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇന്ത്യ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണു നടത്തുന്നത്. മോദിയെക്കുറിച്ചുള്ള ഇമ്രാൻ ഖാന്റെ അഭിപ്രായപ്രകടനങ്ങളോടു പൂർണമായി യോജിക്കുകയാണ്. കർതാപുർ ഇടനാഴി സമയബന്ധിതമായി പ്രവർത്തനസജ്ജമാക്കുന്നതിൽ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്. ഇതുസംബന്ധിച്ച ഒരുയോഗം ഉടൻ വിളിച്ചുകൂട്ടുമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്നു കഴിഞ്ഞ ജൂലൈയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ഇതിനു സന്നദ്ധമായതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ മോദി അത്തരമൊരു അഭ്യർത്ഥന നടത്തിയിട്ടില്ലെന്നു വിദേശകാര്യമന്ത്രിലയം പിന്നീടു സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞദിവസവും ട്രംപ് ഇക്കാര്യം ആവർത്തിച്ചു. ജി -7 ഉച്ചകോടിക്കിടെ മോദിയുമായി പ്രശ്നം ചർച്ചചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.