നെതർലൻഡ്സ് രാജാവും രാജ്ഞിയും കേരളം സന്ദർശിക്കും
Monday, September 9, 2019 12:19 AM IST
ഹേഗ് (നെതർലൻഡ്സ്): നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ഒക്ടോബറിൽ കേരളം സന്ദർശിക്കും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ഇവർ ഡച്ച് ചരിത്ര സ്മാരകങ്ങളുള്ള കേരളത്തിലെത്തുന്നത്. കൊച്ചിയിലെ പ്രശസ്തമായ ഡച്ച് സെമിത്തേരി ഉൾപ്പെടെ സന്ദർശിച്ചേക്കും.
ഇന്ത്യയിലെ ഒൗദ്യോഗിക സന്ദർശനത്തിനു മുന്നോടിയായി 30-ന് നെതർലൻഡ്സിന്റെ തലസ്ഥാനമായ ഹേഗിലെ റൈറ്റ്സ് മ്യൂസിയത്തിൽ നടക്കുന്ന, ഇന്ത്യ- നെതർലൻഡ്സ് ബന്ധം ഉൗഷ്മളമാക്കാനുള്ള സെമിനാറിൽ രാജാവും രാജ്ഞിയും പങ്കെടുക്കും. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധത്തെക്കുറിച്ച് നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി രചിച്ച ‘ഇന്ത്യയും നെതർലൻഡ്സും ഇന്നലെ, ഇന്ന്, നാളെ’ എന്ന പുസ്തകം ദേശീയ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജാവ് സ്വീകരിക്കും.
സെമിനാറിൽ ഡച്ച് തൊഴിലാളി ഫെഡറേഷൻ ചെയർമാൻ ഹാൻസ് ഡി ബൂർ, നെതർലൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ മാരെൻസ് എൻഗിൽഹാർഡ്, റൈറ്റ്സ് മ്യൂസിയം ഡയറക്ടർ ടാകോ ഡിബിറ്റ്സ്, ചരിത്ര വിഭാഗം മേധാവി മാർട്ടിന ഗൊസെലിങ്ക്, റോയൽ ഏഷ്യൻ ആർട്ട് സൊസൈറ്റി ഓഫ് നെതർലൻഡ്സ് ചെയർമാൻ പീറ്റർ ആരിൻസ് കാപ്പേഴ്സ്, ഏഷ്യൻ ആർട്ട് ഡിപ്പാട്ട്മെന്റ് തലവൻ മെനോ ഫിട്സ്കി തുടങ്ങിയവർ ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ചരിത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ചു പ്രസംഗിക്കും.