കാഷ്മീരിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണം: യുഎൻ
Monday, September 9, 2019 11:57 PM IST
ജനീവ: കാഷ്മീരി ജനതയുടെ മനുഷ്യാവകാശങ്ങൾ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കുകയും വേണമെന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ മിഷേൽ ബാചിലെറ്റ് ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിനുവേണ്ടിയുള്ള നിയമനിർമാണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണു നിർദേശം.
കാഷ്മീരിന്റെ കാര്യത്തിൽ നിയന്ത്രണരേഖയുടെ ഇരുഭാഗത്തും മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സ്ഥിതിഗതികൾ പരിശോധിക്കുകയാണ്. കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് ഉൾപ്പെടെ വാർത്താവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെയും അവർ വിമർശിച്ചു.
ആസാമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ജനങ്ങൾക്ക് ഒരു രാജ്യത്തും പൗരത്വമില്ലാത്ത അവസ്ഥ സൃഷ്ടിക്കരുതെന്ന് ഇന്ത്യയോട് മിഷേൽ ബാചിലെറ്റ് ആവശ്യപ്പെട്ടു.