കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പരമാധികാര തീരുമാനം: ഇന്ത്യ
Tuesday, September 10, 2019 11:34 PM IST
ജനീവ: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തങ്ങളുടെ പരമാധികാര തീരുമാനമാണെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധിയായ വിജയ് ഠാക്കൂർ സിംഗ് പറഞ്ഞു.
പാക്കിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്നു വിജയ് ഠാക്കൂർ പറഞ്ഞു. മറ്റു രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും ന്യൂനപക്ഷങ്ങളെക്കുറിച്ചും സംസാരിക്കുന്നവർ സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുകയാണ്. വേട്ടക്കാരനായ അവർ ഇരകളെന്ന പേരിൽ കരച്ചിൽ നടത്തുന്നു. പാക്കിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്ന രാജ്യമാണ്. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് ഏവർക്കും അറിയാം. അങ്ങനെയുള്ള പാക്കിസ്ഥാൻ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ട. കാഷ്മീരിൽ കേന്ദ്രം കൈക്കൊണ്ട തീരുമാനം അവിടുത്തെ ജനതയ്ക്കാകെ സ്വീകാര്യമായതാണ്.
ഇതിലൂടെ ലിംഗ വിവേചനം ഇല്ലാതാവുകയും കുട്ടികളുടെ അവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും അവർ പറഞ്ഞു. പാർലമെന്റിന്റെ അധികാര പരിധിയിലുള്ള തീരുമാനമാണ് ഇന്ത്യ കൈക്കൊണ്ടതെന്നും അതിലിടപെടാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും വിജയ് ഠാക്കൂർ സിംഗ് പറഞ്ഞു.
അസാം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യത്തെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും രാജ്യത്തെ ഭരണഘടനയും ജനാധിപത്യ കീഴ്വഴക്കങ്ങളും പ്രകാരമായിരിക്കുമെന്നും ഇന്ത്യ അറിയിച്ചു. മനുഷ്യാവകാശം സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നും ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന 130 കോടി ജനങ്ങളുള്ള രാജ്യമാണിത്- വിജയ് ഠാക്കൂർ സിംഗ് കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറിയായ വിജയ് ഠാക്കൂർ സിംഗും പാകിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പെടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുത്തത്.