കാഷ്മീരിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ യുഎൻ മുൻകൈയെടുക്കണമെന്ന് മലാല; പ്രതിഷേധവുമായി ഇന്ത്യക്കാർ
Monday, September 16, 2019 12:21 AM IST
ലണ്ടൻ: ജമ്മു കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കാഷ്മീരി കുട്ടികളെ സ്കൂളിൽ എത്തിക്കാൻ യുഎൻ മുൻകൈയെടുക്കണമെന്നും നൊബേൽ സമ്മാന ജേതാവും പാക്കിസ്ഥാൻ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ് സായി.
നാല്പതിലേറെ ദിവസമായി കാഷ്മീരിലെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ല, പെൺകുട്ടികൾ വീടുകളിൽ വസിക്കാൻ പോലും ഭയപ്പെടുന്നു തുടങ്ങിയ വാർത്തകളിൽ മലാല(22) ട്വിറ്ററിലൂടെ ആശങ്കയറിയിച്ചു.
കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനും കുട്ടികളെ സ്കൂളിൽ തിരികെ എത്തിക്കാനും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല ശനിയാഴ്ച ട്വീറ്റ് ചെയ്തു. ഇതിനെത്തുടർന്ന്, മലാലയ്ക്കെതിരേ ട്വിറ്ററിൽ പ്രതിഷേധം ശക്തമായി.
പാക്കിസ്ഥാന്റെ അജണ്ഡ നടപ്പിലാക്കാണ് മലാല ശ്രമിക്കുന്നതെന്നും പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടിയുടെ അവസ്ഥയിൽ മലാല മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയും സംസാരിക്കാൻ മലാല സമയം കണ്ടെത്തണമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചുതർവേദിയും ബിജെപി നേതാവ് ശോഭാ കലന്തരജെയും ട്വീറ്റ് ചെയ്തു.